Saturday, March 4, 2017

③ മരിച്ചവരുടെ ആത്മാക്കൾ AD 70 ൽ, (കർത്താവിന്റെ നാളിൽ) രക്ഷിക്കപ്പെട്ടോ?

ക്രിസ്തുവിൽ പ്രിയരെ,

ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ കുറിപ്പിലെ മൂന്നാമത്തെ പോയിൻറാണിത്. (അവർ എഴുതിയിരിക്കുന്നത് ചോദ്യങ്ങളാണോ, ആശയങ്ങളാണോ എന്നത് വ്യക്തമല്ല, തൽക്കാലം പോയിൻറ് എന്ന് വിളിക്കുന്നു.) രണ്ടാമത്തെ പോയിൻറിന് മറുപടി എഴുതാതെ മൂന്നാമത്തേതിന് എഴുതുന്നത് പരാജയഭീതികൊണ്ടോ, ഉത്തരമില്ലാതിനാലോ അല്ല, ചെറിയ ഉത്തരം ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതാം എന്ന് കരുതിയാണ്.

// മരിച്ചവരുടെ ആത്മാക്കൾ AD 70 ൽ, (കർത്താവിന്റെ നാളിൽ ) രക്ഷിക്കപ്പെട്ടു. //


ഈ പോയിൻറിനെ പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന് ഭവിതവാദവുമായി (Preterism) ഒരു ബന്ധവുമില്ല. 2016 മെയ് മാസത്തിൽ ഞാൻ സാത്താനെ പറ്റി എഴുതിയ ഒരു ലേഖനത്തിൽ 1കൊരി 5:5 പരാമർശിച്ചിരുന്നു. ആ ലേഖനത്തിന് ഫേസ്ബുക്കിലും ബ്ലോഗറിലും വിഷയത്തോട് പുലബന്ധമില്ലാത്ത കമൻറുകൾ ഇട്ടുകൊണ്ടിരുന്ന പാസ്റ്റർ ജിനു നൈനാൻറെ തലയിൽ വിളഞ്ഞതായിരിക്കണം ഈ പോയിൻറ്! (അദ്ദേഹത്തിൻറെ കമൻറുകൾ ഞാൻ നീക്കംചെയ്തു.)
(1 കൊരിന്ത്യർ 5:5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.)
“ന്യൂമാ” (4151, πνεῦμα, pneuma) എന്ന ഗ്രീക്ക് വാക്കാണ് ഈ വചനത്തിൽ “ആത്മാവ്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്ന് “ന്യൂമാ” ഹെര്‍മന്യൂട്ടിക്സുകാരെ ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ലല്ലോ?

ന്യൂമാ എന്ന വാക്കിൻറെ നിർവചനം സ്ട്രോങ്സ് നിഘണ്ടുവിൽ നിന്നും:
G4151 νεῦμα (pneuma, pnyoo'-mah)
From G4154; a current of air (വായൂപ്രവാഹം), that is, breath (blast, ശ്വാസം) or a breeze (മന്ദമാരുതൻ); by analogy or figuratively a spirit (ആത്മാവ്), that is, (human) the rational soul, (by implication) vital principle, mental disposition, etc., or (superhuman) an angel, daemon, or (divine) God, Christ's spirit, the Holy spirit: - ghost, life, spirit (-ual, -ually), mind. Compare G5590.
സ്ട്രോങ്സിൽ ഇത്രയധികം നിർവചങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പുതിയനിയമത്തിൽ (KJV) ഈ വാക്ക് ആത്മാവ് (spirit, Ghost), ആത്മീയം, ജീവൻ എന്നിങ്ങനെയേ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ. ഈ വാക്ക് പരിശുദ്ധാത്മാവ് എന്ന എന്ന പദസമുച്ചയത്തിൽ 93 തവണ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ pneumatic എന്ന വാക്കിന് അമൂർത്തമായ, വായൂരൂപമായ എന്നൊക്കെ അർത്ഥമുണ്ട്.

ഇപ്പോൾ നമുക്ക് വിഷയത്തിലേയ്ക്ക് തിരിച്ചുവരാം. “1കൊരി 5ലെ അഗമ്യഗമനക്കാരനായ പാപിയുടെ അദൃശ്യവും അസ്പൃശ്യവുമായ ആത്മാവ് കർത്താവിൻറെ ദിവസത്തിൽ (ക്രി.പി.70ൽ) രക്ഷിക്കപ്പെട്ടോ?” എന്നതാണ് ഈ ചോദ്യം രൂപികരിച്ച പാസ്റ്ററുടെ വിവക്ഷ.

ക്രി.പി.70 എന്ന കാര്യം ഒരു നിമിഷം മറക്കുക. കർത്താവിൻറെ നാൾ നിങ്ങൾ ഈ ലേഖനം വായിക്കുന്ന ഇന്നാണ് എന്ന് കരുതുക. ആ പാപിയുടെ ആത്മാവ് രക്ഷിക്കപ്പെട്ടോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയുവാൻ കഴിയും? അദൃശ്യവും അസ്പൃശ്യവുമായ ആത്മാവിന് എന്ത് സംഭവിച്ചു എന്ന് അറിയണമെങ്കിൽ നാം ആത്മീയമണ്ഡലത്തിൽ (spirit realm) ആയിരിക്കണം, അല്ലെങ്കിൽ ആത്മീയമണ്ഡലത്തിൽ നിന്നും ഭൌതികമണ്ഡലത്തിൽ ഉള്ള നമ്മെ ആരെങ്കിലും അറിയിക്കണം.

പുനരുത്ഥാനം, ന്യായവിധി.


ക്രി.പി.70, ഭവിതവാദം, പ്രെട്രിസം എന്നൊക്കെ കേൾക്കുമ്പോൾ ഉയരുന്ന പൊതുവായ ഒരു ചോദ്യമാണ്: മരിച്ചവരുടെ പുനരുത്ഥാനം നടന്നെങ്കിൽ അവരൊക്കെ എവിടെ? ഒരുപക്ഷേ, ന്യൂമാ പാസ്റ്റർമാരും അതുതന്നെയാവാം ഉദ്ദേശിച്ചത്. ഈ വിഷയത്തെ പറ്റി പലതവണ എഴുതിയതിനാൽ ചുരുക്കി എഴുതാം.

1കൊരി 5ലെ മഹാപാപി കുഷ്ടം പിടിച്ച് മരിച്ചു. (ഉദാഹരണത്തിന് പറയുന്നതാണേ, ഇനി ഇതിൻറെ തെളിവും ചോദിച്ചുകൊണ്ട് നീണ്ട ചർച്ചയ്ക്ക് വരരുതേ!) അയാളെ പറമ്പിൻറെ മൂലയിൽ എവിടെയോ കുഴിച്ചിട്ടു. ഒന്നുരണ്ട് തലമുറ കഴിഞ്ഞുപോയി. അയാളുടെ പേരക്കുട്ടികളുടെ കാലത്ത് അയാളെ കുഴിച്ചിട്ടിടത്ത് മാവും, പ്ലാവും, തെങ്ങും നട്ടു. അവരുടെ മക്കൾ മാങ്ങയായും, തേങ്ങയായും, ചക്കയായും അയാളുടെ ശരീരത്തിലെ തന്മാത്രകൾ ഭക്ഷിച്ചു, ആ തന്മാത്രകൾ അവരുടെ ശരീരത്തിൻറെ ഭാഗമായി. അവരും മരിച്ച്‍ മണ്ണടിഞ്ഞ് മറ്റാരുടെയൊക്കെയോ ശരീരത്തിലെ തന്മാത്രകളായി. രണ്ടായിരം വർഷത്തിനുള്ളിൽ 1കൊരി 5ലെ മഹാപാപിയുടെ ശരീരത്തിലെ തന്മാത്രകൾ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെയും, മൃഗങ്ങളുടെയും, മണ്ണിൻറെയും ഭാഗമായിത്തീർന്നു. ഇപ്പോൾ അയാളെ ഉയിർപ്പിക്കണമെങ്കിൽ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന തന്മാത്രകളെ എവിടെ നിന്നെല്ലാം തേടി കണ്ടുപിടിക്കേണ്ടിവരും? ആ തന്മാത്രകൾ എത്ര വിശുദ്ധന്മാരുടെ ശരീരത്തിൽ എത്തിച്ചേർന്നിട്ടുണ്ടാവും?

ഭൂമിയുടെ മുകൾപ്പരപ്പിലെ മണ്ണിൽ പതിനായിരം കോടി മനുഷ്യരുടെ ശരീരങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന വെള്ളത്തിലും അവരുടെ തന്മാത്രകളുണ്ട്. നമ്മുടെ ശരീരത്തിലുണ്ട്. അവരെ ശാരീരികമായി ഉയിർത്തെഴുന്നേൽപ്പിക്കണമെങ്കിൽ അവർ നമ്മുടെ ശരീരത്തിൽ നിന്നും പുറത്തുവരണം. (അപ്പോൾ നമ്മളോ?)

പഴയനിയമത്തിലും പുതിയനിയമത്തിലും അനേകരെ ഉയിർപ്പിച്ചതിൻറെ വിവരണങ്ങളുണ്ടെങ്കിലും അവയൊന്നും ജീർണ്ണിച്ച് മണ്ണായി, മരങ്ങൾക്ക് വളമായവരുടേതല്ല.

പുനരുത്ഥാനത്തെ പറ്റി വിവരിക്കുന്ന 1കൊരി 15.

1കൊരി 15:22 ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
1കൊരി 15:42 മരിച്ചവരുടെ പുനരുത്ഥാനവും അതുപോലെ തന്നേ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു;
1കൊരി 15:43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
1കൊരി 15:44 പ്രാകൃതശരീരം (natural body) വിതയ്ക്കപ്പെടുന്നു, ആത്മീയശരീരം (spiritual body) ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മീയശരീരവും ഉണ്ട്.
പാപികൾക്ക് വ്യത്യസ്തമായ പുനരുത്ഥാനം ഉണ്ടെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? (ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും എന്നതിന് ക്രിസ്ത്യാനികൾ എല്ലാവരും ജീവിക്കപ്പെടും എന്ന് വ്യാഖ്യാനിക്കുവാനുള്ള വ്യാകരണപരമായ സാധ്യതകൾ ഇല്ല.)

അങ്ങനെ ആത്മീയശരീരത്തിൽ ഉയിർപ്പിക്കപ്പെട്ടവർ എവിടെ എന്ന് ചോദിക്കുന്ന പ്രാകൃതശരീരത്തിൽ ഉള്ളവർക്ക് കാര്യമായ എന്തോ തകരാറുണ്ടാവാം.

യേശു തിരിച്ചുവന്നാലേ പുനരുത്ഥാനം സംഭവിക്കുകയുള്ളോ?


യോഹ 5:25 ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: മരിച്ചവർ ദൈവപുത്രൻറെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
“ഇപ്പോൾ വന്നുമിരിക്കുന്നു” എന്നതിന് ക്രി.പി.30-33ൽ യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് എന്നല്ലാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്ന് അർത്ഥമുണ്ടോ? (ഈ വചനത്തിൻറെ സന്ദർഭത്തിൽ നിന്നും പാപത്തിൽ മരിച്ചവരെ അല്ല അർത്ഥമാക്കുന്നത് എന്നത് വ്യക്തമാണ്. യോഹ 5:28 കാണുക.)

പുനരുത്ഥാനത്തെ പറ്റിയുള്ള തെറ്റായ ധാരണകളാണ് പല അർത്ഥരഹിതമായ ചോദ്യങ്ങൾക്കും നിദാനം.

തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

27 comments:

  1. കട്ടക്കല്‍ അച്ചായന്‍ രണ്ടാമത്തെ പോയന്റിന് മറുപടി പറയാതെ മൂന്നാമത്തെ പോയന്റിനുള്ള മറുപടി പറഞ്ഞിരിക്കുന്നു.( പരാജയഭീതികൊണ്ടോ, ഉത്തരമില്ലാതിനാലോ അല്ല എന്ന് അച്ചായന്‍ പറഞ്ഞിരിക്കുന്നു, അത് മുഖവിലക്ക് എടുക്കുന്നു).അച്ചായന്‍ ആദ്യമായി പറയുന്നത് ഇതിന് ഭവിതവാദവുമായി (Preterism) ഒരു ബന്ധവുമില്ല എന്നാണ്, ഭവിതവാദവുമായി (Preterism) ബന്ധമുണ്ട് എന്ന് ഞാനും പറഞ്ഞില്ല, കര്‍ത്താവിന്റെ നാള്‍ AD 70 ല്‍ കഴിഞ്ഞു എന്ന് പറയുകയാണ് എങ്കില്‍ മരിച്ചവരുടെ ആത്മാക്കള്‍ AD 70 രക്ഷിക്കപ്പെട്ടു, കാരണം കര്‍ത്താവിന്റെ നാളില്‍ ആണ് മരിച്ചവരുടെ ആത്മാക്കള്‍ രാഷിക്കപ്പെടുന്നത് എന്നാണ് പൌലോസ് പറയുന്നത്
    ///പാസ്റ്റർ ജിനു നൈനാൻറെ തലയിൽ വിളഞ്ഞതായിരിക്കണം ഈ പോയന്റുകള്‍//// എന്നൊരു സംശയം കട്ടക്കല്‍ അച്ചായന്‍ പ്രകടിപ്പിച്ചിട്ടുണ്ട്....ഒന്നമതായി ഞാന്‍ 'പാസ്റ്റർ' അല്ല എന്ന് കട്ടക്കല്‍ അച്ചായനോട് അറിയിക്കുന്നു..ഭൌതിക ജോലി ചെയ്തു ജീവിക്കുക്കുന്ന ഒരു ദൈവമകന്‍ മാത്രം...ന്യൂമ ഹെര്‍മ്മന്യൂട്ടിക്സ് സംഘടിപ്പിച്ച യുഗാന്ത്യ സംഭവങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുടെ അവലോകനം അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് നടത്തിയത് ആണ്, അല്ലാതെ അച്ചായന്റെ Full preterits ത്തിനു എതിരെ തല പുകച്ചു കണ്ടത്തിയ പോയന്റുകള്‍ അല്ല.

    ReplyDelete
    Replies
    1. കമൻറുകൾ അപ്രൂവ് ആകുന്നില്ല എന്ന് ജിയോയോട് പറഞ്ഞ പരാതിക്ക്‍ ഇപ്പോൾ പരിഹാരം ആയിക്കാണുമെന്ന് കരുതട്ടെ.

      ഒരാളെ പാസ്റ്റർ എന്ന് അഭിസംബോധന ചെയ്യുന്നത് കുറ്റകൃത്യമോ പാപമോ ആണെന്ന് തോന്നിയിട്ടില്ല.

      Delete
    2. തീര്‍ച്ചയായുംപരിഹാരം ആയി, അത് Technical Problem ആയിരിക്കാം എന്ന് പറഞ്ഞിരുന്നു.pastor എന്ന് വിളിക്കുന്നതില്‍ വിരോധം ഒന്നുമില്ല, പൂര്‍ണ്ണ സമയ സുവിശേഷ വേലയാണ് എന്ന് തെറ്റിധരിചെങ്കില്‍ തിരുത്തി എന്ന് മാത്രം.

      Delete
  2. അച്ചായന്റെ ദൈവത്തിനു മാക്സിമം കഴിയുന്നത്‌ മരിച്ചു അഴുകുന്നതിനു മുന്‍പ് ആണെങ്കില്‍ ഒരു കൈ നോക്കുകയാണ്.എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിനു,ആകാശ ഭൂമികളെയും, നക്ഷത്ര സമൂഹത്തെയും വാക്കിനാല്‍ സൃഷ്‌ടിച്ച ദൈവത്തിനു ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞു അഴുകി തന്മാത്രകളായി വേര്‍പിരിഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവനു ശരീരം നല്‍കി ജീവിപ്പിക്കാന്‍ കഴിയുന്നതാണ്.

    ReplyDelete
    Replies
    1. ഇതേ ലേഖനത്തിൻറെ ഒടുവിൽ “ദൈവത്തിന് അസാദ്ധ്യമായി എന്തെങ്കിലും ഉണ്ടോ?” എന്ന തലക്കെട്ടുമായി ഒരു ഖണ്ഡിക ഉണ്ടായിരുന്നു. അത് താങ്ങുവാൻ എല്ലാവർക്കും കഴിയില്ല എന്നതിനാൽ നീക്കം ചെയ്തതാണ്.

      Delete
    2. ഈ ഭാഗത്ത്‌ ഞാന്‍ എഴുതിയത് പൂര്‍ണ്ണമായി വന്നില്ല, മാത്രമല്ല എഡിറ്റ്‌ option കാണുന്നുമില്ല, അതിനാല്‍ ഈ കമന്റില്‍ ഞാന്‍ എഴുതിയത് പൂര്‍ണ്ണമായി കൊടുക്കുന്നു.................................................ഇവിടെ അച്ചായന്റെ പ്രധാന പ്രശനം ഇങ്ങനെയാണ് /////“1കൊരി 5ലെ മഹാപാപി കുഷ്ടം പിടിച്ച് മരിച്ചു. അയാളെ പറമ്പിൻറെ മൂലയിൽ എവിടെയോ കുഴിച്ചിട്ടു. ഒന്നുരണ്ട് തലമുറ കഴിഞ്ഞുപോയി. അയാളുടെ പേരക്കുട്ടികളുടെ കാലത്ത് അയാളെ കുഴിച്ചിട്ടിടത്ത് മാവും, പ്ലാവും, തെങ്ങും നട്ടു. അവരുടെ മക്കൾ മാങ്ങയായും, തേങ്ങയായും, ചക്കയായും അയാളുടെ ശരീരത്തിലെ തന്മാത്രകൾ ഭക്ഷിച്ചു, ആ തന്മാത്രകൾ അവരുടെ ശരീരത്തിൻറെ ഭാഗമായി. അവരും മരിച്ച്‍ മണ്ണടിഞ്ഞ് മറ്റാരുടെയൊക്കെയോ ശരീരത്തിലെ തന്മാത്രകളായി. രണ്ടായിരം വർഷത്തിനുള്ളിൽ 1കൊരി 5ലെ മഹാപാപിയുടെ ശരീരത്തിലെ തന്മാത്രകൾ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെയും, മൃഗങ്ങളുടെയും, മണ്ണിൻറെയും ഭാഗമായിത്തീർന്നു. ഇപ്പോൾ അയാളെ ഉയിർപ്പിക്കണമെങ്കിൽ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന തന്മാത്രകളെ എവിടെ നിന്നെല്ലാം തേടി കണ്ടുപിടിക്കേണ്ടിവരും? ആ തന്മാത്രകൾ എത്ര വിശുദ്ധന്മാരുടെ ശരീരത്തിൽ എത്തിച്ചേർന്നിട്ടുണ്ടാവും?”..../////
      അതായതു അച്ചായന്റെ സംശയം : ദൈവത്തിനു ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞു അഴുകി തന്മാത്രകളായി വേര്‍പിരിഞ്ഞു കഴിഞ്ഞാല്‍ അയാള്‍ക്ക് ശരീരം കൊടുത്തു ഉയര്തെഴുനെല്‍പ്പിക്കാന്‍ എങ്ങനെ കഴിയും എന്നതാണ്.
      ..............................................................................................................അച്ചായന്റെ ദൈവത്തിനു മാക്സിമം കഴിയുന്നത്‌ മരിച്ചു അഴുകുന്നതിനു മുന്‍പ് ആണെങ്കില്‍ ഒരു കൈ നോക്കുകയാണ്.എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിനു,ആകാശ ഭൂമികളെയും, നക്ഷത്ര സമൂഹത്തെയും വാക്കിനാല്‍ സൃഷ്‌ടിച്ച ദൈവത്തിനു ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞു അഴുകി തന്മാത്രകളായി വേര്‍പിരിഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവനു ശരീരം നല്‍കി ജീവിപ്പിക്കാന്‍ കഴിയുന്നതാണ്.

      Delete
    3. വേദപുസ്തകത്തിൽ ഉയിർപ്പിക്കപ്പെട്ടവരെല്ലാം മരിച്ച് ദ്രവിച്ച് പോകാത്ത ദേഹങ്ങളായിരുന്നു. (മത്താ 27:52 അടക്കം). അവരെല്ലാം തിരികെ സാധാരണ ജീവിതം നയിച്ചിരിക്കണം. അതല്ല, ഒരു മനുഷ്യാത്മാവിൻറെ അന്തിമമായ destiny.

      Delete
    4. വേദപുസ്തകത്തിൽ ഉയിർപ്പിക്കപ്പെട്ടവരെല്ലാം മരിച്ച് ദ്രവിച്ച് പോകാത്ത ദേഹങ്ങളായിരുന്നു. (മത്താ 27:52 അടക്കം)....മത്താ 27:52 ദ്രവിച്ചില്ല, എന്നതിനുള്ള തെളിവ് ഉണ്ടോ അച്ചായാ...ലാസര്‍ നാറ്റം വച്ച് കാണും എന്ന് മറിയ പറഞ്ഞപ്പോള്‍, ദ്രവിച്ചില്ലെങ്കില്‍ ഒരു കൈ നോക്കാം എന്നാണോ ‍അച്ചായാ കര്‍ത്താവ്‌ പറഞ്ഞത്?

      Delete
    5. ദ്രവിക്കുക എന്നതിന് ചീയുക എന്നാണോ പഠിച്ചുവെച്ചിരിക്കുന്നത്? ദ്രവിക്കുക എന്നതിന് എല്ലുകൾ പോലും പൊടിഞ്ഞ് ഇല്ലാതാകുക എന്നാണ് അർത്ഥമെന്ന് മലയാളം കൂട്ടിയെഴുതുവാൻ അറിയാവുന്ന ഏത് കുട്ടിക്കും മനസ്സിലാകും. എല്ലുകൾ ദ്രവിക്കുവാൻ 40-60 വർഷം പിടിക്കും. ലാസറിനെ ഉയിർപ്പിച്ചത് അത്രയും കാലം കഴിഞ്ഞാണോ? വിവരക്കേട് ഇത്ര പച്ചയ്ക്ക് എഴുതരുത്.

      Delete
    6. മിനിമം കാര്യങ്ങൾ സാമാന്യബുദ്ധിയോടെ ചിന്തിക്കുവാൻ കഴിയാത്ത നിങ്ങളെ പോലെയുള്ളവരാണ് ക്രൈസ്ര്തവ മാർഗത്തിൻറെ നാണക്കേട്. പഠിക്കുക എന്ന കഠിനമായ ജോലി കഴിയില്ലാത്തതിനുള്ള പോംവഴിയാണ് തർക്കിക്കുക, അപഹസിക്കുക എന്നതൊക്കെ.

      ജിനുവിന് (അഭിലാഷിനും) യുക്തിയുക്തമായോ, വേദവചനങ്ങളുടെ അടിസ്ഥാനത്തിലോ ആരുമായും തർക്കിക്കുവാനുള്ള അറിവോ കഴിവോ ഇല്ല. “Study to shew thyself approved” എന്ന സംഭവം പറ്റാത്തതിനാൽ തർക്കിക്കുവാൻ പുറപ്പെടുന്നവരുടെ വിഹ്വലതയാണ് ജിനുവിൽ ഞാൻ കാണുന്നത്.

      ഞാൻ ഈ പരമ്പര എഴുതിത്തുടങ്ങിയതിന് ശേഷം ജിനുവിനേക്കാൾ പ്രായം കുറവുള്ള 14 മലയാളി സഹോദരങ്ങൾ എന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ട്, ഏകദേശം 43 മണിക്കൂർ. അവരൊക്കെ നല്ല തയ്യാറെടുപ്പോടെയാണ് സംസാരിക്കുന്നത്. അവരിൽ നിന്നും ഞാനും ചില കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഇവിടെയിതാ, ഒരു മഹാൻ സാമാന്യബുദ്ധി പോലും ഇല്ലാതെ തർക്കിക്കുവാൻ പുറപ്പെട്ടിരിക്കുന്നു.

      Delete
    7. ജിനുവിന് അശ്ശേഷം വിവരമില്ലാഞ്ഞിട്ടാണോ “മത്താ 27:52 ദ്രവിച്ചില്ല, എന്നതിനുള്ള തെളിവ് ഉണ്ടോ അച്ചായാ?” എന്ന് ചോദിച്ചത്? മക്കൾ ആ വചനം വായിച്ചിരുന്നോ? വായിക്കുവാൻ അറിയാമോ?

      മത്താ 27:52 ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ “ശരീരങ്ങൾ” പലതും ഉയിർത്തെഴുന്നേറ്റു.

      നിങ്ങളുടെ നാട്ടിൽ മരിച്ച്, ദ്രവിച്ച് മണ്ണായിക്കഴിയുമ്പോൾ ഉണ്ടാകുന്ന പൊടിമണ്ണിനാണോ “ശരീരങ്ങൾ” എന്ന് പറയാറുള്ളത്? ആ നാട് എവിടെയാണ്? കേരളത്തിൽ ആകുവാൻ വഴിയില്ല. കേരളത്തിൽ അത്ര വിഡ്ഢികൾ ഉള്ള ഒരു നാടുണ്ടെന്ന് ഞാൻ കേട്ടിട്ടില്ല.

      Delete
  3. പിന്നെ അച്ചായന്റെ പോലുള്ള full preterits കള്‍ കൊരിന്ത്യ സഭയിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നു, അവര്‍ ഇത് പോലെയുള്ള സംശയം ചോദിച്ചപ്പോള്‍ പൌലോസി അവര്‍ക്ക് മറുപടി കൊടുക്കുന്നുണ്ട്.അത് ഇവിടെ അത് പോലെ കൊടുക്കുന്നു.
    1 കൊരിന്ത്യര്‍ 15:35
    പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. (പൌലോസിന്റെ ഉത്തരം):
    മൂഢാ, ..( കൊരിന്ത്യയിലെ ഈ ചോദ്യം ചോദിക്കുന്നവരോട് ആണ്, തെറ്റിദ്ധരിക്കരുത് ).. നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.........
    ഉത്തരം സിമ്പിള്‍ ദൈവം അതിനു ശരീരം കൊടുത്തു ജീവിപ്പിക്കുന്നു.കട്ടക്കല്‍ അച്ചായന്‍ വിശ്വസിക്കുന്ന ദൈവത്തിനു അത് പറ്റില്ലായിരിക്കാം എന്നാല്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിനു അത് സാധ്യമാണ്.
    ........പഴയനിയമത്തിലും പുതിയനിയമത്തിലും അനേകരെ ഉയിർപ്പിച്ചതിൻറെ വിവരണങ്ങളുണ്ടെങ്കിലും അവയൊന്നും ജീർണ്ണിച്ച് മണ്ണായി, മരങ്ങൾക്ക് വളമായവരുടേതല്ല....എന്നും അച്ചായന്‍ പറയുന്നുണ്ട്......അതായതു അച്ചായന്‍ വിശ്വസിക്കുന്ന ദൈവത്തിനു മാക്സിമം പറ്റുന്നത് മണ്ണ്‍ ആകുന്നതിനു മുന്‍പ് മാത്രം ജീവിപ്പിക്കാന്‍ ആണ്,മണ്ണ്‍ ആയിപ്പോയാല്‍ പിന്നെ impossible അതാകും കര്‍ത്താവ്‌ ലാസറിന്റെ വീട്ടിലേക്കു പെട്ടെന്ന് എത്തിയത്, (ജീര്‍ണ്ണിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും????)..പിന്നെ കര്‍ത്താവ്‌ മരിച്ചപ്പോള്‍ “കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു... അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി...എന്ന് എഴുതിയിട്ടുണ്ട്..അതും അലങ്കരികം ആകും, അല്ലെങ്കില്‍ മണ്ണ് ആകുന്നതിനു തൊട്ടു മുന്‍പാകും...( താമസിച്ചു പോയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ)

    ReplyDelete
    Replies
    1. ആ വേദഭാഗം ജിനുവിനേക്കാൾ മികച്ച വിവേചനബുദ്ധിയോടെ വായിച്ചതുകൊണ്ടാണ് എൻറെ നിഗമനങ്ങൾ ജിനുവിൻറെ നിഗമനങ്ങളേക്കാൾ മികച്ചതായിരിക്കുന്നത്.

      Delete
    2. ആരുടെതാണ് മികച്ച നിഗമനം എന്ന്, നമ്മള്‍ തന്നെ ഒരു നിഗമനത്തില്‍ എതുന്നതിനെക്കാള്‍, വായിക്കുന്നവര്‍ ഒരു നിഗമനത്തില്‍ എതുന്നതല്ലേ നല്ലത്?

      Delete
    3. ആ അദ്ധ്യായത്തിലെ ഉയിർത്തെഴുന്നേൽപുമായി യെഹൂദർ അല്ലാതെ ആർക്കും ഒരു ബന്ധവുമില്ല. ജിനു അവതരിപ്പിച്ച വചനം തന്നെ ജിനുവിൻറെ കാഴ്ചപ്പാടിനെ എതിർക്കുന്നതാണ്. അത് മനസ്സിലാക്കുവാനുള്ള കഴിവ് ജിനുവിന് ഇല്ലാതെപോയത് മതപരമായ മുൻവിധികളോടേ വേദവചനത്തെ സമീപിക്കുന്നതിനാലാണ്. കൂടുതൽ കൃത്യതയോടെ വായിക്കുവാൻ പഠിക്കുക.

      Delete
    4. 1 കൊരിന്ത്യര്‍ 15 യാഹൂദനെ മാത്രം ഉദേശിച്ചു എഴുതിയത് ആണോ, ഉയിർത്തെഴുന്നേൽപ് യഹൂദന് മാത്രമാണോ? എനിക്ക് തോന്നുന്നത് preterism കണ്ണട ഊരി മാറ്റിയാല്‍ അച്ചായന് കാര്യങ്ങള്‍ മനസ്സിലാകും എന്നാണ്.

      Delete
    5. ക്രൈസ്തവൻറെ പദവി അറിയാത്തവൻ ധരിച്ചിക്കുന്നത് കണ്ണടയല്ല, മൊത്തം മതപരമായ അടിമത്തത്തിൻറെയും ദാസ്യത്തിൻറെയും കൂച്ചുവിലങ്ങാണ്.

      ഇൻറർനെറ്റിൽ തർക്കിച്ച് രാജാവാകുവാൻ ശ്രമിക്കുന്ന നേരത്തിന് ദൈവരാജ്യം എന്താണെന്നും അതിൽ അവനവൻറെ പദവി എന്താണെന്നും മനസ്സിലാക്കുവാൻ ശ്രമിച്ചെങ്കിൽ ദൈവവചനം വ്യക്തമായി പറയുന്നത് കാണാതെപോകില്ലായിരുന്നു.

      Delete
    6. വിശ്വാസപ്രമാണങ്ങളും, അവിടെയും ഇവിടെയും കേട്ടതുമെല്ലാം ഒതുക്കിവെച്ചിട്ട് 1കൊരി 15 പഠിക്കുക, അപ്പോൾ, ഒരുപക്ഷേ, മനസ്സിലായെന്നിരിക്കാം. (ഞാൻ എവിടെയും കേട്ട് പഠിച്ചതല്ല, ഞാൻ സ്വയം Preterist ആയതാണ്, ആ വാക്ക് കേൾക്കുന്നതിന് മുമ്പുതന്നെ.)

      Delete
    7. 1കൊരി 15...ഒരു കൊച്ചു കുട്ടിയുടെ കയ്യില്‍ കൊടുത്തിട്ട് വായിക്കാന്‍ പറഞ്ഞാല്‍ അവനു മനസ്സിലാകുന്നത്‌ , ഞാന്‍ മുകളില്‍ എഴുതിയ രീതിയില്‍ തന്നെയാണ്, അതാണ്‌ കണ്ണട ഊരി മാറ്റിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്ന് പറഞ്ഞത്.

      Delete
    8. ജിനുവിനെപ്പോലെ കൊച്ചുകുട്ടിയായിരുന്നപ്പോൾ എനിക്കും അങ്ങനെ പലതും തോന്നിയിരുന്നു. പിന്നീട് ഞാൻ മതത്തിൻറെ കണ്ണട വലിച്ചെറിഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് വളരുവാൻ കഴിയുകയും ആ അദ്ധ്യായത്തിൻറെ പ്രമേയം യോഹന്നാൻ സ്നാപകനും, യേശുവും, വെളിപ്പാടും പരാമർശിക്കുന്ന വിളവെടുപ്പ് ആണെന്ന് കാണുകയും ചെയ്തു. 1കൊരി 15:23ലെ “ഓരോരുത്തരും അവനവൻറെ നിരയിലാണ്” (But every man in his own order.) എന്ന പ്രയോഗം യിസ്രായേല്യർക്കല്ലാതെ മറ്റാർക്കും ചേരില്ല എന്നും കണ്ടു. കൊച്ചുകുട്ടി വളരുവാൻ ശ്രമിക്കൂ.

      Delete
    9. ////യോഹന്നാൻ സ്നാപകനും, യേശുവും, വെളിപ്പാടും പരാമർശിക്കുന്ന വിളവെടുപ്പ് ആണെന്ന് കാണുകയും ചെയ്തു. 1കൊരി 15:23ലെ “ഓരോരുത്തരും അവനവൻറെ നിരയിലാണ്” (But every man in his own order.) എന്ന പ്രയോഗം യിസ്രായേല്യർക്കല്ലാതെ മറ്റാർക്കും ചേരില്ല എന്നും കണ്ടു. /// ഈ പ്രയോഗം ഇസ്രായേലിനു അല്ലാതെ ചേരില്ല എന്ന് കട്ടക്കല്‍ അച്ചായന് കണ്ടു, ബാക്കിയുള്ളവര്‍ അത് അമേന്‍ പറയണം എന്നാണോ?അത് എങ്ങനെ മനസ്സിലായി എന്നറിഞ്ഞാല്‍ കൊള്ളാം, പിന്നെ ഇസ്രായേലിനു അല്ലാതെ എന്തെങ്കിലും ബാബിബിളില്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അതൊക്കെ കണ്ടു പിടിക്കാനുള്ള മനടന്ധം എന്താണ്.അച്ചായന് ദൈവം വെളിപ്പെടുത്തി എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള കൊച്ചു കുട്ടികള്‍ ഉണ്ട്..

      Delete
    10. അച്ചായൻ കണ്ടതിന് മറ്റുള്ളവർ ആമേൻ പറയണമെന്നില്ല. ഇതേ വചനത്തിൻറെ കമൻററികൾ ബൈബിൾ ഹബ്ബിൽ (അവിടെ പ്രെട്രിസ്റ്റുകൾ ആരും ഇല്ലല്ലോ?) നോക്കിയാൽ കാണാം ഞാൻ മാത്രമേ കണ്ടിട്ടുള്ളോ എന്ന്. പിന്നെ ആ വചനത്തിൽ ORDER (നിര) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് പരിശോധിച്ചാൽ മനസ്സിലാകും. (ഇൻറർനെറ്റിൽ തർക്കിച്ച് കേമനാകുവാനുള്ള തിരക്കിനിടയിൽ അതിനൊക്കെ എവിടന്ന് സമയമുണ്ടാക്കും, അല്ലേ?)

      Delete
  4. കമൻറ് അപ്രൂവ് ആകുവാൻ വൈകിയാൽ വിഷമിക്കേണ്ട ആവശ്യമില്ല. ഒരുപക്ഷേ, സെറ്റിങ്സിലെ തകരാറാവാം എനിക്ക് ഈ-മെയിൽ നോട്ടിഫിക്കേഷൻ ലഭിക്കാത്തത്. സെറ്റിങ്സ് ഇപ്പോൾ മാറ്റുന്നില്ല, കാരണം അടിക്കടിയുള്ള നോട്ടിഫിക്കേഷൻ എൻറെ ശ്രദ്ധ തെറ്റിക്കും.

    ജിനുവിൻറെ ചോദ്യങ്ങളിൽ ഒന്നിനെങ്കിലും പരസ്‌പരബന്ധമുള്ള ഉത്തരം നൽകുവാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നെങ്കിൽ ഈ പണിക്ക് ഇറങ്ങില്ലായിരുന്നു. ഞാൻ നൽകുന്ന ഉത്തരങ്ങൾക്ക് പരസ്‌പരബന്ധമുണ്ടെന്ന് ജിനുവിന് തോന്നണമെന്നില്ല, കാരണം എല്ലാവരുടെയും ബൌദ്ധിക നിലവാരവും, വചനത്തിലുള്ള പരിചയവും ഒരുപോലെയല്ലല്ലോ?

    ഞാൻ ജിനുവിൻറെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിക്കഴിയുന്നത് വരെ കാത്തിരിക്കുക, കട്ടക്കൽ അച്ചായൻറെ ദൈവം അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് എഴുതുവാൻ കൂടുതൽ അവസരങ്ങൾ കൈവരും.

    ReplyDelete
  5. ജിനു പിന്നെയും, പിന്നെയും കമൻറിട്ടുകൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെയും മനോരമയുടെയും വെബ്സൈറ്റുകളിൽ കമൻറിട്ട് മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മതങ്ങളുടെയും അനുഭാവികളെ പോലെ. ഇത്തരം ഫ്ലഡ്ഡിങ് ആണ് ജിനുവിനെ ബ്ലോക്ക് ചെയ്യുവാൻ മുമ്പ് കാരണമായത്. (ഇനി അങ്ങനെ ഉണ്ടാവില്ല.)

    അപ്പൊസ്തല പ്രവൃത്തികളിൽ ഗമാലിയേൽ പറഞ്ഞത് ഓർമ്മിക്കുക: ഇത് (ക്രൈസ്തവ മാർഗം) മനുഷ്യനിൽ നിന്നും ഉണ്ടായതാണെങ്കിൽ അത് നശിച്ചുതീരും, ദൈവത്തിൽ നിന്നും ഉണ്ടായതാണെങ്കിൽ നാം ദൈവത്തെ എതിർക്കുന്നവരായി കാണപ്പെടും.

    പ്രെട്രിസം ദൈവത്തിൽ നിന്നും ഉണ്ടായതല്ലെങ്കിൽ അത് നശിച്ചുതീരും, ജിനു അതിന് വെപ്രാളപ്പെടേണ്ട കാര്യമില്ല.

    ഒരു കാര്യം എളിമയോടെ ഓർമ്മിപ്പിക്കുന്നു: ജിനുവും അഭിഷേക് രാജും എതിർക്കുന്നതിലും ശക്തമായി എതിർത്തിരുന്ന എത്രയോ പേരെ ഈ പാവപ്പെട്ട ഞാൻ പ്രെട്രിസ്റ്റ് പ്രസംഗകരാക്കിയിരിക്കുന്നു? സൌത്ത് ആഫ്രിക്ക മുതൽ ജർമ്മനി വരെയും, ന്യൂസിലാൻറ് മുതൽ കാനഡ വരെയും അത്തരത്തിലുള്ള നൂറുകണക്കിന് പേരുണ്ട്. അവരൊക്കെ ജിനുവിനേക്കാൾ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചവരാണ്.

    ക്ഷമയോടെ കാത്തിരിക്കുക. ഞാൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയ ശേഷം പുതിയ കമൻറുകൾക്ക് മറുപടി നൽകാം.

    ReplyDelete
    Replies
    1. ഞാന്‍ ഫ്ലഡ്ഡിങ് കമന്റുകള്‍ ഇടുന്നു എന്നത് തെറ്റായ ആരോപണം ആണ്, അച്ചായന്റെ പോയന്റുകള്‍ക്ക് മാത്രമാണ് ഞാന്‍ മറുപടി തരുന്നത്, കമന്റ്‌ approve അകാതിരുന്നതിനാല്‍, പോസ്റ്റ്‌ ചെയ്തതിന്റെ പിഴവ് ആണ് എന്ന് കരുതി, ഒരു കമന്റ്‌ മാത്രം വീണ്ടും ഇട്ടു.preterisതെ പറ്റി എനിക്ക് ഒരു വെപ്രാളവും ഇല്ല.സത്യത്തില്‍ വളരെ അടുത്താണ് ഇതിനെപ്പറ്റി കേട്ടത് തന്നെ.പിന്നെ നിലനില്ക്കുന്നത് എല്ലാം ദൈവത്തില്‍ നിന്നാണ് എന്ന് എനിക്ക് അഭിപ്രായമില്ല.( ഇതേ കാരണം ഇസ്ലാമിനും, യഹോവ സാക്ഷികള്‍ക്കും പറയാം )..അച്ചായന്റെ ഉത്തരങ്ങള്‍ കണ്ടതിനു ശേഷം ബാക്കി മറുപടി എഴുതാം (ഫ്ലഡ്ഡിങ് അല്ല )

      Delete
  6. കട്ടക്കൽ തോംസൺ അച്ചായൻ, ഞാൻ browsing നിടയിൽ യദൃശ്ചികമായാണ് ഈ blog കണ്ടത്. ഇതു വായിച്ചു. എനിക്കു ഭവിതവാദത്തെ പറ്റി അറിയില്ല. അപ്പോൾ ഒരു സംശയം. 1cor13:35 പ്രകാരം യഹൂദനു മാത്രമേ ദൈവം പുതിയ ശരീരം കൊടുക്കുകയുള്ളുവോ? മണ്ണിൽ നിന്നുണ്ടായത് മണ്ണോടു ചേരണമല്ലോ? നശ്വരമായ ശരീരം അനശ്വരതയെ പ്രപിക്കയുമില്ല. അപ്പോൾ മരിച്ചു ഭൗതികശരീരം ദ്രവിച്ചുപോയ മറ്റുള്ളവർ എങ്ങനെ ഏതുവിധ ശരീരത്തോടെ നിത്യശിക്ഷക്കായി/ നിത്യജീവനായി ഉയിർത്തെഴുന്നേല്ക്കും?
    കൂടാതെ ദൈവം യഹൂദർക്കും അല്ലാത്തവർക്കും തമ്മിൽ യാതൊരു വിവേചനവും വച്ചിട്ടില്ല എന്നും ബൈബിൾ പറയുന്നു. ഇരുകൂട്ടരും ഒരേ ശരീരത്തിന്റെ കൂട്ടാളികളും ഒരു പാനപാത്രത്തിൽ നിന്നും ഒരേ ആത്മാവിനെ പാനം ചെയ്യുന്നവരും ഒരേ രക്തത്താൽ രക്ഷിക്കപ്പെട്ടവരും ഒരേ രാജ്യത്തിന്റെ പൗരന്മാരും ആണെന്നും പറയുന്നു. അവൻ തന്റെ ശരീരത്താൽ ഇരുകൂട്ടരേയും ഒന്നാക്കി വേർപാടിന്റെ നടുചുവർ ഇടിച്ചു കളഞ്ഞു. ഇനി നിങ്ങൾ അന്യരും പരദേശികളും അല്ല. ക്രിസ്തുതന്നെ മൂലക്കല്ലായി അടിസ്ഥാനമിട്ട സ്വർഗ്ഗിയഭവനത്തിന്റെ അവകാശികളാണെന്നും പറയുന്നു.
    ഞാൻ ഈ ചർച്ചയിൽ ഇടപെടുന്നില്ല. ഇതു വായിച്ചപ്പോൾ ഉണ്ടായ ഒരു സംശയം ചോദിച്ചെന്നു മാത്രം.

    ReplyDelete
  7. ശ്രീമാൻ/ശ്രീമതി “അൺനോൺ” (Unknown),

    മറുപടി നൽകുവാൻ വൈകിയതിന് കാരണം സ്ഥലംമാറ്റമാണ്.

    // ഞാൻ ഈ ചർച്ചയിൽ ഇടപെടുന്നില്ല. //

    സ്വന്തം പേര് വെളിപ്പെടുത്തുവാനുള്ള തൻറേടം ഇല്ലാത്തവർ ചർച്ചയിൽ ഇടപെടാതിരിക്കുന്നതാണ് ഉത്തമം.


    // ദൈവം യഹൂദർക്കും അല്ലാത്തവർക്കും തമ്മിൽ യാതൊരു വിവേചനവും വച്ചിട്ടില്ല എന്നും ബൈബിൾ പറയുന്നു //

    റോമ 10:12 യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നേ...
    ഗലാ 3:28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല,...

    എന്നൊക്കെ വേദപുസ്തകത്തിൽ ഉണ്ട്. “യഹൂദർക്കും അല്ലാത്തവർക്കും” എന്ന് എഴുതാതെ “യഹൂദർക്കും യവനർക്കും” എന്ന് എഴുതിയതിന് വ്യക്തമായ കാരണം ഉണ്ട്. [“അൺനോൺ” (Unknown) ആയ താങ്കൾ യവനൻ (ഗ്രീക്ക്) അല്ലെന്ന് കരുതട്ടെ.]

    യഹൂദർക്കും യവനർക്കും തമ്മിൽ ആരംഭം മുതൽ വ്യത്യാസം ഉണ്ടായിരുന്നതുകൊണ്ടാണല്ലോ “ദൈവത്തിൻറെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരുന്നത്” (റോമർ 3:2). യഹൂദരും ഇതരരും തമ്മിലുള്ള വ്യത്യാസം ക്രിസ്തുവിൻറെ ശരീരത്തിലാണ് ഇല്ലാതിരിക്കുന്നത്. ആരംഭം മുതൽ വ്യക്തമായ വ്യത്യാസം ഉണ്ടായിരുന്നു.

    // അപ്പോൾ മരിച്ചു ഭൗതികശരീരം ദ്രവിച്ചുപോയ മറ്റുള്ളവർ എങ്ങനെ ഏതുവിധ ശരീരത്തോടെ നിത്യശിക്ഷക്കായി/ നിത്യജീവനായി ഉയിർത്തെഴുന്നേല്ക്കും? //

    മറ്റുള്ളവർക്ക് എന്ത് വകുപ്പിലാണ് നിത്യശിക്ഷ എന്ന് വ്യക്തമാക്കാമോ? (താങ്കളുടെ സഭയിൽ ചേരാത്തതിനാണോ?)

    ReplyDelete

⑦ യെഹൂദയിൽ മാത്രമല്ല, കുമ്പനാട്ടും തിരുവല്ലായിലും മഹാകഷ്ടം ഉണ്ടാകും!!!

ക്രിസ്തുവിൽ പ്രിയരെ, // 7. AD 70ൽ സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും (യഹൂദയിൽ മാത്രമല്ല) മഹാകഷ്ടം ഉണ്ടായി. // (ലൂക്കോസ് 21:35 അത...