Saturday, March 18, 2017

⑦ യെഹൂദയിൽ മാത്രമല്ല, കുമ്പനാട്ടും തിരുവല്ലായിലും മഹാകഷ്ടം ഉണ്ടാകും!!!

ക്രിസ്തുവിൽ പ്രിയരെ,

// 7. AD 70ൽ സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും (യഹൂദയിൽ മാത്രമല്ല) മഹാകഷ്ടം ഉണ്ടായി. //

(ലൂക്കോസ് 21:35 അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.)
ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ ഏഴാമത്തെ ചോദ്യത്തിനുള്ള ഉത്തരം.

“സർവ്വഭൂതലത്തിലും”


ന്യൂമാ പാസ്റ്റർമാർ “സർവ്വഭൂതലത്തിലും” എന്ന വാക്ക് കണ്ടപ്പോഴേ തീരുമാനിച്ചു, ഇതാണ് ഭവിതവാദത്തെ (പ്രെട്രിസത്തെ) തകർക്കുവാനുള്ള വജ്രായുധം! പിന്നെ ഇടംവലം നോക്കിയില്ല, എടുത്തൊരു കാച്ച് കാച്ചി! അല്ലാത്തപ്പോൾ ഇതേ മഹാന്മാർ കൺകോർഡെൻസോ, വ്യാകരണമോ നോക്കിയല്ലാതെ ഒന്നും തീരുമാനിക്കാറില്ല എന്നത് മറക്കരുത്.

ഈ പദസമുച്ചയത്തിൽ “ഭൂതലം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം - ഘേയ് (γῆ, സ്ട്രോങ്സിൽ G1093) - പുതിയനിയമത്തിൽ 252 തവണ ഉപയോഗിച്ചിട്ടുണ്ട്. ആദ്യത്തെ 5 തവണ ദേശം എന്ന് ഉപയോഗിച്ചിരിക്കുന്നത് കാണുമ്പോഴേ ഈ വാക്കിന് ഭൂതലം, ഭൂമി, ഭൂലോകം തുടങ്ങിയ അർത്ഥങ്ങൾ മാത്രമല്ല ഉള്ളത് എന്ന് വ്യക്തമാകുന്നു.
മത്താ 2:6 യെഹൂദ്യ ദേശത്തിലെ ബേത്ലേഹെമേ...
മത്താ 2:20... യിസ്രായേൽ ദേശത്തേക്ക് പോകുക...
മത്താ 2:21... യിസ്രായേൽ ദേശത്ത് വന്നു.
മത്താ 4:15... മരണത്തിൻറെ ദേശത്തിലും ...
ഈ വാക്കിന് കര, നിലം, എന്നൊക്കെ അർത്ഥമുണ്ട്. (ജോയിച്ചൻ മലബാറിൽ ഭൂമി വാങ്ങി എന്ന് പറയുന്നതിന് നമ്മൾ വസിക്കുന്ന ഈ ഉണ്ട മുഴുവനും അങ്ങ് വാങ്ങിക്കളഞ്ഞൂ എന്ന് അർത്ഥമില്ലല്ലോ?)

ഒരേ വാക്കുപോലും സന്ദർഭത്തിന് അനുസൃതമായി വ്യത്യസ്ത അർത്ഥം നൽകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്: “കുട്ടി പമ്പരം നിലത്ത് ഇട്ടു” എന്നതിൽ “നിലം” വീടിൻറെ തറയോ മുറ്റമോ ആകാം, പക്ഷേ, “കർഷകൻ ആ വിത്ത് നിലത്ത് വിതച്ചു” എന്നതിലെ “നിലം” വീടിൻറെ തറയോ മുറ്റമോ ആകുവാനുള്ള സാദ്ധ്യത കുറവല്ലേ?

ശിഷ്യന്മാർ കൃത്യവിലോപം കാണിച്ചോ?


യേശു ശിഷ്യന്മാർക്ക് നൽകിയ അവസാനത്തെ നിർദ്ദേശത്തിലും ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്നു.
അപ്പൊ 1:8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ[G1093] അറ്റത്തോളവും [G2078] എൻറെ സാക്ഷികൾ ആകും എന്ന് പറഞ്ഞു.
പൌലോസിനും ഇതേപോലെയുള്ള നിർദ്ദേശമാണ് നമ്മുടെ കർത്താവ് നൽകിയത്:
അപ്പൊ 13:47 “നീ ഭൂമിയുടെ[G1093] അറ്റത്തോളവും[G2078] രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്ന് കർത്താവ് ഞങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.
“സർവ്വഭൂതലത്തിലും” എന്ന് പറയുന്ന അത്രയും തന്നേ വരില്ലേ “ഭൂമിയുടെ അറ്റത്തോളവും” എന്നതും? അങ്ങനെയാണെങ്കിൽ ശിഷ്യന്മാർ എന്തുകൊണ്ട് റോമാ സാമ്രാജ്യത്തിന് വളരെയൊന്നും പുറത്തേയ്ക്ക് പോയില്ല? റോമാ സാമ്രാജ്യത്തിന് പുറത്തേയ്ക്ക് യാത്രചെയ്തവരിൽ ഇന്ത്യയിൽ വരുന്നതിന് മുമ്പ് ചൈനയിൽ പോയിരുന്ന തോമസ് എന്തുകൊണ്ട് ആ വിസ്തൃതമായ ദേശം മുഴുവൻ സഞ്ചരിക്കാതെ അതിൻറെ ഓരത്തിലൂടെ മാത്രം കടന്നുപോയി? ബർത്തൊലോമായി വടക്കേ ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങൾ സന്ദർശിച്ചിട്ട് തിരികെപ്പോയി? അന്ത്രയോസ് റഷ്യ എന്ന വലിയ ദേശത്തിൻറെ ഒരു മൂലയിൽ മാത്രം പര്യടനം നടത്തി? ആഫ്രിക്കൻ ഭൂഖണ്ഡത്തിലേയ്ക്ക് പോയ മത്തായി ആ ഭൂഖണ്ഡത്തിൻറെ വടക്ക് ഭാഗത്ത് മാത്രം പര്യടനം നടത്തിയിട്ട് തിരികെപ്പോന്നത് എന്തുകൊണ്ട്?

ഇവർക്കൊന്നും “ഭൂമിയുടെ അറ്റത്തോളവും” എന്നതിൻറെ അർത്ഥം മനസ്സിലായില്ലേ? യേശുവിനും, രാജ്യത്തിൻറെ സുവിശേഷത്തിനുമായി ജീവൻ ത്യജിക്കുവാൻ തയ്യാറായ ഇവർ ഭയം നിമിത്തമോ, മറ്റേതെങ്കിലും പരിഗണന നിമിത്തമോ തിരിച്ചുന്നിരിക്കുവാൻ സാധ്യതയുണ്ടോ? ഇല്ലേയില്ല. യേശു ഉദ്ദേശിച്ചത് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് അവർ കൃത്യനിർവഹണം നടത്തിയത്.

ഇതേ വാക്ക് ഉപയോഗിച്ചാണ് പൌലോസ് ഭൂമിയിൽ എല്ലായിടത്തും സുവിശേഷ വാഹകരുടെ ശബ്ദം എത്തിക്കഴിഞ്ഞു എന്ന് പ്രസ്താവിച്ചത്.
റോമ 10:18 എന്നാൽ അവർ കേട്ടില്ലേ എന്ന് ഞാൻ ചോദിക്കുന്നു. “കേട്ടിരിക്കുന്നു നിശ്ചയം” അവരുടെ നാദം സർവ ഭൂമിയിലും[G1093] അവരുടെ വചനം ഭൂതലത്തിൻറെ[G3625] അറ്റത്തോളവും പരന്നു”.
ഈ പ്രസ്താവന നടത്തുമ്പോൾ പൌലോസിന് അറിയില്ലായിരുന്നോ സുവിശേഷകന്മാർ പോയതിന് അപ്പുറത്തേയ്ക്ക് ലോകമുണ്ടെന്ന്? തീർച്ചയായും അറിഞ്ഞിരിക്കണം, കാരണം, ലോകസഞ്ചാരവും, സാഹിത്യവും, തത്വചിന്തയുമൊക്കെ വികാസം പ്രാപിച്ച ആക്സിയൽ ഏജ് (Axial Age) ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പാണ് അവസാനിച്ചത്. പൌലോസ് ഇവയിലൊക്കെ പ്രാവീണ്യമുള്ള ആളായിരുന്നല്ലോ? (അപ്പൊ 17:28)


ഭൂമിയുടെ അറ്റം അൻറാർട്ടിക്കയല്ല, ഫിജിയുമല്ല!


ഭൂമിയുടെ അറ്റത്തെ പറ്റിയുള്ള നമ്മുടെ ചിന്തയിൽ ന്യൂസിലാൻറോ, ഫിജിയോ, അൻറാർട്ടിക്കയോ ആണ് വരുന്നതെങ്കിൽ, യേശുവിൻറെ ചിന്തയിൽ ലോകത്തിൻറെ അറ്റം യിസ്രായേലിൽ നിന്നും അധികം ദൂരെയല്ല, കൃത്യമായി പറഞ്ഞാൽ എത്യോപ്യയിലാണ്.
മത്താ 12:42 തെക്കെ രാജ്ഞി (ശെബ രാജ്ഞി - 1രാജാ 10:1-13) ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോൻറെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ[G1093] അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
ശെബ എത്യോപ്യയുടെ ഭാഗമായിരുന്നെന്ന് അറിയാത്തവർക്ക് പ്രണാമം. മത്തായി എത്യോപ്യ വരെയാണ് സുവിശേഷം പ്രസംഗിച്ചത്. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല, കർത്താവിൻറെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് അപ്പൊസ്തലന്മാർ എല്ലാം ചെയ്തത്.

എല്ലാം അറിയാമായിരുന്ന കർത്താവിന് എത്യോപ്യയ്ക്ക് അപ്പുറം ലോകമുണ്ടെന്ന് അറിയില്ലായിരുന്നോ? തീർച്ചയായും അറിയാമായിരുന്നു.

പരിഭാഷകൻറെ മനോധർമ്മം


യേശു അവിടത്തെ മരണത്തിന് ശേഷം മൂന്ന് പകലും മൂന്ന് രാത്രിയും ഭൂമിയുടെ അടിയിലാണോ നിലത്തിന് അടിയിലാണോ ഉണ്ടായിരുന്നത്? (ഭൂമി എന്ന ഉണ്ടയ്ക്ക് എവിടെയാണ് അടി? കട്ടക്കൽ അച്ചായൻറെ ദൈവത്തിൻറെ ഭൂമിക്ക് അടി ഇല്ലായിരിക്കും എന്ന് പറയല്ലേ, പ്ലീസ്.)

നാം ഇവിടെ ചർച്ച ചെയ്യുന്ന ഗ്രീക്ക് വാക്കിൻറെ ഏറ്റവും മികച്ച പരിഭാഷ നിലം എന്നാണെന്ന് തോന്നുന്നു. ലോകം, ഭൂമി എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുള്ള സന്ദർഭങ്ങളിൽ പോലും “അവർക്ക് അറിയാമായിരുന്ന ലോകം” (the world as known to them) എന്നാണ് അർത്ഥമെന്ന് ഭവിതവാദികളല്ലാത്ത അനേകം വേദപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നാം “ഈ ഭൂമിമലയാളം...” എന്ന പ്രയോഗം ഉപയോഗിക്കുമ്പോൾ മലയാളക്കരയ്ക്ക് അപ്പുറത്തേയ്ക്ക് ഭൂമിയില്ലെന്നോ, ഭൂമിയിൽ എല്ലായിടത്തും മലയാളമേ ഉള്ളെന്നോ അർത്ഥമാക്കുന്നില്ലല്ലോ?

വിവിധ അർത്ഥങ്ങളുള്ള ഒരു വാക്ക് എങ്ങനെ പരിഭാഷപ്പെടുത്തുന്നു എന്നത് പരിഭാഷകൻറെ മനോധർമ്മമാണ്.

സന്ദർഭത്തിൻറെ പ്രസക്തി.


മത്താ 24, മർക്കൊ 13, ലൂക്കോ 21 എന്നീ മൂന്ന് അദ്ധ്യായങ്ങളും യെഹൂദ്യയെ പറ്റിയുള്ളതാണ്. യെഹൂദ്യയിൽ നടക്കേണ്ടിയിരുന്ന സംഭവങ്ങളാണ്.(മത്താ 24:16; മർക്കൊ 13:14; ലൂക്കോ 21:21).
ലൂക്കോ 21:21 അന്ന് യെഹൂദ്യയിൽ ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിൻറെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുമ്പുറങ്ങളിൽ ഉള്ളവർ അതിൽ കടക്കരുത്.
ഈ വചനത്തെ തിരുവല്ലയുടെ വിഷയത്തിലോ, കുമ്പനാടിൻറെ വിഷയത്തിലോ, ബാംഗ്ലൂരിൻറെ വിഷയത്തിലോ ആരോപിക്കുവാൻ കഴിയുമോ?

യെഹൂദ്യയിലുള്ളവർ പുറപ്പെട്ട് പോകണം, എങ്ങോട്ട്? ഈ അദ്ധ്യായങ്ങളിൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് സാർവത്രികത ഉണ്ടെങ്കിൽ യെഹൂദ്യയിൽ ഉള്ളവർ എങ്ങോട്ട് പോയാലും അവിടെയൊക്കെ ഉപദ്രവം തന്നെയല്ലേ ഉണ്ടായിരിക്കുക? അപ്പോൾ പിന്നെ പുറപ്പെട്ടുപോയിട്ട് പ്രയോജനമുണ്ടോ? മലകളില്ലാത്ത പ്രദേശങ്ങളിലുള്ളവർ എങ്ങോട്ട് പോകണം? എന്ത് ചെയ്യണം?

ഈ അദ്ധ്യായങ്ങൾ യെഹൂദ്യ, യെരൂശലേം, അവിട ഉണ്ടായിരുന്ന ദേവാലയം എന്നിവയെ പറ്റിയാണെന്ന തിരിച്ചറിവ് ബാക്കിയുള്ള പ്രതീകങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കും. ആദിമ സഭയുടെ കാലം മുതൽ പ്രമുഖരായ പല പണ്ഡിതന്മാരും ഈ അദ്ധ്യായങ്ങളുടെ പ്രതിപാദ്യം യെരൂശലേമിൻറെ നാശമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. വില്യം ടിൻഡേൽ, മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങി അനേകർ ഈ അദ്ധ്യായങ്ങളിലെ പരാമർശം യെഹൂദ്യയെ പറ്റിയും യെരൂശലേമിനെ പറ്റിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 1830കളിൽ നെൽസൺ ഡാർബിയുടെ ഉൽപ്രാപണ സിദ്ധാന്തം (rapture) ഉണ്ടാകുകയും\, അത് സ്കോഫീൽഡ് ബൈബിളിൽ കയറിക്കൂടുകയും, മദ്ധ്യപൂർവേഷ്യയിലെ പെട്രോളിയം നിക്ഷേപത്തിൽ അമേരിക്കക്കാരൻറെ കണ്ണ് പതിയുകയും ചെയ്തത് വരെ ഇപ്പോൾ കാണുന്ന ലോകാവസാന ഭ്രാന്ത് ഉണ്ടായിരുന്നില്ല.

ക്രി.പി. 70ന് മുമ്പ് മഹാകഷ്ടം ഉണ്ടായോ?


യുദ്ധം, ക്ഷാമം, ഭൂകമ്പം, പീഡനം എന്നിവയൊക്കെയാണ് മഹാകഷ്ടം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ അവയൊക്കെ യേശുവും സുവിശേഷകരും “ലോകം” എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ച പ്രദേശത്ത് നടന്നിരുന്നു. ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയല്ലാത്തതിനാൽ പരിപൂർണ്ണമായ വിവരം തരുവാൻ കഴിയില്ലെങ്കിലും, എനിക്ക് ശേഖരിക്കുവാൻ കഴിഞ്ഞ വിവരങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട് (ഒന്ന് ഞെക്കിയാൽ വായിക്കാവുന്നതേയുള്ളൂ.)

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, March 11, 2017

④ പനയ്ക്കൽ ഗോത്രം, കട്ടക്കൽ ഗോത്രം, പിന്നെ ഏത്ര ഗോത്രങ്ങളുണ്ട്?

ക്രിസ്തുവിൽ പ്രിയരെ,

// 4. യേശുക്രിസ്തു ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ AD 70 ൽ വന്നു; ഭൂമിയിലെ സകല ഗോത്രങ്ങളും (യഹൂദന്മാരും, ക്രിസ്ത്യാനികളും മാത്രമല്ല) പ്രലപിച്ചു കൊണ്ട് ആ വരവ് AD 70 ൽ കണ്ടു.//

(മത്തായി 24:30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും)
ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ നാലാമത്തെ പോയിൻറിനുള്ള ഉത്തരമാണിത്.
 
നമ്മുടെ ഗ്രീക്ക് പണ്ഡിതനും കൂടെ ചേർന്ന് തയ്യാറാക്കിയതാണോ ഈ ചോദ്യം എന്നൊരു സംശയം! സകല ഗോത്രങ്ങളും എന്നതിൽ ക്രിസ്ത്യാനികളെ കുത്തിത്തിരുകുവാൻ ഗ്രീക്ക് പാണ്ഡിത്യം മാത്രം പോര, ഹീബ്രൂ പാണ്ഡിത്യവും, അസാമാന്യമായ തൊലിക്കട്ടിയും വേണം!

പഴയനിയമത്തിൽ രണ്ട് ഹീബ്രൂ വാക്കുകൾ [H4294 (מַטֶּה, മത്തേ) H7626 (שֵׁבֶט, ഷേബത്ത്)] 326 തവണ ഗോത്രം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ വാക്കുകൾക്ക് വടി, ചെങ്കോൽ, നാരായം, അമ്പ്, കൊടിമരം എന്നൊക്കെ അർത്ഥമുണ്ട്, പക്ഷേ, ഗോത്രം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന വചനങ്ങളിൽ ഒരിക്കൽ പോലും അത് യിസ്രായേലിൻറെ 12 ഗോത്രങ്ങളെയും ഉപഗോത്രങ്ങളെയും പറ്റിയല്ലാതെ മറ്റാരെ പറ്റിയുമല്ല.

പുതിയനിയമത്തിൽ ഫൂലേ (φυλή, G5443) എന്ന ഗ്രീക്ക് പദം 31 തവണ ഗോത്രം എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഈ വാക്കിന് സാർവത്രികത ഉണ്ടാക്കുവാൻ കെ.ജെ.വിയിൽ 6 തവണ kindred - കുടുംബം - എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയിട്ടുള്ളത്, മലയാളം ഉൾപ്പടെയുള്ളയുള്ള ഇതര പരിഭാഷകളിൽ ഗോത്രം എന്ന് ശരിയായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വെളി 1:7; 5:9; 7:9; 11:9; 13:7; 14:6 കാണുക.)

പുതിയനിയമത്തിൽ ഈ വാക്ക് ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചിരിക്കുന്നത് യിസ്രായേലിലെ 12 ഗോത്രങ്ങളിൽ നിന്നും 12,000 പേരുടെ വീതം നെറ്റിയിൽ മുദ്രയിടുന്നതിനെ പറ്റിയുള്ള വിവരണത്തിലാണ്. അവിടെ പനയ്ക്കൽ ഗോത്രവും കട്ടക്കൽ ഗോത്രവും ഒന്നും പരാമർശിക്കപ്പെടുന്നില്ലല്ലോ?

കട്ടക്കൽ “ഗോത്രത്തിൽ” ആരും യേശുവിനെ കുത്തിയിട്ടില്ല, നിങ്ങളുടെ “ഗോത്രത്തിലോ”?



മത്തായിയും മാർക്കോസും “ലോകാവാനത്തെ” പറ്റിയുള്ള വിവരണം ഓരോ അദ്ധ്യായങ്ങൾ വീതം എഴുതിയപ്പോൾ, ലൂക്കോസിൻറെ വിവരണം 11 മുതൽ 21 വരെ അദ്ധ്യായങ്ങളിലായി പടർന്നുകിടക്കുന്നു. പൌലോസിൻറെ വിവരണം വിവിധ ലേഖനങ്ങളിലുണ്ട്. യോഹന്നാൻറെ വിവരണമാണ് ഏറ്റവും വലിയത് - വെളിപ്പാട് പുസ്തകം. ഈ വിവരണങ്ങൾക്കെല്ലാം വ്യക്തമായ സമാന്തരത്വം ഉണ്ട്.

മത്താ 24:30ന് സമാന്തരമായ വെളിപ്പാടിലെ വചനം.
വെളി 1:7 ഇതാ, അവിടന്ന് മേഘാരൂഢനായി വരുന്നു; എല്ലാ കണ്ണുകളും, അവിടത്തെ കുത്തിത്തുളച്ചവരും അവിടത്തെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ എല്ലാം അവിടത്തെ പറ്റി വിലപിക്കും. ഉവ്വ്, ആമേൻ.
ഈ രണ്ട് വചനങ്ങളും സെഖ 12:10നെ അവലംബിച്ച് എഴുതപ്പെട്ടവയാണ്.
സെഖ 12:10 ഞാൻ ദാവീദ് ഗൃഹത്തിൻറെ മേലും യെരൂശലേം നിവാസികളുടെ മേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയവനിലേക്ക് അവർ നോക്കും; ഏകജാതനെ കുറിച്ച് വിലപിക്കുന്നത് പോലെ അവർ അവിടത്തെ കുറിച്ച് വിലപിക്കും; ആദ്യജാതനെ കുറിച്ച് വ്യസനിക്കുന്നത് പോലെ അവർ അവിടത്തെ കുറിച്ച് വ്യസനിക്കും.
കട്ടക്കൽ “ഗോത്രവും” പനയ്ക്കൽ “ഗോത്രവും” ദാവീദ് ഗൃഹമോ, യെരൂശലേം നിവാസികളോ ആണെന്ന് തെളിയിക്കാൻ കഴിയുമോ ന്യൂമാ പാസ്റ്റർമാരേ?


യേശുവിൻറെ വരവിന് മുമ്പ് പാപികൾ ഉയിർപ്പിക്കപ്പെടുമോ?



നമ്മുടെ ഭാവികാലത്തിൽ എപ്പോഴെങ്കിലുമാണ് കർത്താവ് തിരികെവരേണ്ടതെങ്കിൽ, ആ വരവ് കാണുവാൻ (മത്താ 24:30) യേശുവിനെ കുത്തിയ പാപികൾ അവിടത്തെ വരവിന് മുമ്പ് ഉയിർപ്പിക്കപ്പെടുമോ? അത്തരത്തിൽ പാപികളുടെ ഉയിർത്തെഴുന്നേൽപ് യേശുവിൻറെ വരവിന് മുമ്പ് സംഭവിക്കുമെന്ന് തെളിയിക്കുവാൻ പറ്റിയ വേദവചനങ്ങളുണ്ടോ?

ന്യായാധിപസഭയിൽ (സാൻഹെഡ്രിനിൽ) ഉണ്ടായിരുന്നവരും യേശു മേഘത്തിൽ വരുന്നത് കാണും!

യേശു മഹാപുരോഹിതനായിരുന്ന കയ്യാഫാവിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക.
മത്താ 24:64 യേശു അദ്ദേഹത്തോട് (കയ്യാഫാവിനോട്): “ ഞാനാകുന്നു (ദൈവപുത്രനായ ക്രിസ്തു); ഇനി മനുഷ്യപുത്രൻ സർവശക്തൻറെ വലത് ഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ (ന്യായാധിപസഭയിലെ അംഗങ്ങൾ) കാണും എന്ന് ഞാൻ പറയുന്നു” എന്ന് പറഞ്ഞു.
  • ഒന്നുകിൽ, യേശുവിന് മരണശിക്ഷ വിധിച്ച ന്യായാധിപസഭയിലെ അംഗങ്ങളും, അവിടത്തെ കുത്തിയവരും ജീവനോടെയിരിക്കുമ്പോൾ യേശുവിൻറെ മേഘങ്ങളിലുള്ള വരവ് സംഭവിക്കണം.
  • അല്ലെങ്കിൽ, യേശുവിൻറെ വരവിന് മുമ്പ് ആ മഹാപാപികൾ ഉയിർപ്പിക്കപ്പെടണം. അങ്ങനെ ഉയിർപ്പിക്കപ്പെടും എന്നതിന് വേദപുസ്തകത്തിൽ ആധാരമില്ല.

കർത്താവ് മേഘത്തിൽ വരുന്നത് കുറെ കാണുകതന്നെ ചെയ്യും!


ഇൻറർനെറ്റിൽ (ഫേസ്ബുക്ക്, വാട്സാപ്പ്, ബ്ലോഗർ) തർക്കിച്ച് മിടുക്കന്മാരാകുവാൻ ശ്രമിക്കുന്നതിന് ഒരു മണിക്കൂർ ഇടവേള നൽകി, പഴയനിയമത്തിൽ കർത്താവ് (യഹോവ) മേഘത്തിൽ വന്നതിൻറെ വിവരണങ്ങൾ വായിച്ചുനോക്കുക. അപ്പോൾ മനസ്സിലാകും ആ പദപ്രയോഗത്തിൻറെ അർത്ഥവ്യാപ്തി. ഈ വിഷയത്തെ പറ്റി വിശദമായി എഴുതിയിട്ടുള്ളതിനാൽ ചില ഉദാഹരണങ്ങൾ മാത്രം സംക്ഷിപ്തമായി ഇവിടെ അവതരിപ്പിക്കാം.
  • ദാവീദിനെ ശൌൽ ഉൾപ്പടെയുള്ള ശത്രുക്കളിൽ നിന്നും രക്ഷിക്കുവാൻ യഹോവ മേഘങ്ങളെ വാഹനമാക്കി വന്നു. സങ്കീ 18:1.
  • മിസ്രയീമിനെ നശിപ്പിക്കുവാൻ യഹോവ മേഘത്തിൽ വന്നു. യെശ 19:1.
യേശുവിൻറെ കാലത്തിന് പല നൂറ്റാണ്ടുകൾ മുമ്പ് നടന്ന ഈ സംഭവങ്ങളിലൊക്കെ കർത്താവ് നേരിട്ട് വന്നില്ലെങ്കിലും കർത്താവിൻറെ ശത്രുക്കൾ നശിപ്പിക്കപ്പെട്ടില്ലേ?

യിസ്രായേൽ മിസ്രയീമിൽ നിന്നും പുറപ്പെട്ടപ്പോൾ കർത്താവ് (യഹോവ) മേഘത്തിൽ വന്നില്ലേ? എന്ന ചോദ്യം ഉയരാം.
  1. യഹോവ അവരുടെ മുന്നിൽ പോയത് ശത്രുക്കളേ നിഗ്രഹിക്കുവാൻ ആയിരുന്നില്ലേ?
  2. യിസ്രായേലിനെ കാനാൻ ദേശത്തേയ്ക്ക് നയിച്ചത് യഹോവയാണോ അതോ യഹോവയുടെ നാമം വഹിക്കുന്ന ദൂതനാണോ എന്ന് വേദപുസ്തകത്തിൽ തേടിനോക്കൂ, പ്ലീസ്.
ഓ, അതൊക്കെ പഴയനിയമത്തിലല്ലേ, നാം ഇപ്പോൾ ആ കാലത്തിൽ അല്ലല്ലോ, എന്നല്ലേ? കർത്താവ് മാറ്റമില്ലാത്തവനാണ്. കുറെ അച്ചായന്മാർ എന്തൊക്കെയോ വിശ്വസിച്ച് വശായതിനാൽ കർത്താവിന് മാറ്റമുണ്ടാകില്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Friday, March 10, 2017

⑩ക്രി.പി. 70 വരെ മാത്രമേ കർത്താവ്‌ അപ്പൊസ്തലന്മാരോട് കൂടെയുണ്ടയിരുന്നുള്ളോ?

ക്രിസ്തുവിൽ പ്രിയരെ,

// 10. ലോകാവസാനമായ, യുഗവസാനമായ AD 70 വരെ മാത്രമേ കർത്താവ്‌ അപ്പോസ്തോലന്മാരോട് കൂടെയുണ്ടയിരുന്നുള്ളൂ.//

(മത്തായി 28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ “ലോകാവസാനത്തോളം” എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു)
ന്യൂമ ഹെർമന്യൂട്ടിക്സിൻറെ പത്താമത്തെ ചോദ്യത്തിനുള്ള ഉത്തരമാണിത്.

മിക്കവാറും പേർ ക്രി.പി 70നെ പറ്റി ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് യോഹന്നാനുമായുള്ള ബന്ധത്തിലാണ്. യോഹന്നാൻ ക്രി.പി 70ന് ശേഷം വളരെ നാൾ ജീവിച്ചിരുന്ന് ക്രി.പി.95-96ൽ വെളിപ്പാട് പുസ്തകം എഴുതി എന്ന ധാരണയിലാണ്.

“ലോ”, “നോക്കൂ”

“... ഞാനോ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട്”... (മത്താ 28:20)
മൂലകൃതിയുടെ പദാനുപദ പരിഭാഷ നമ്മുടെ ഭാഷകളിൽ പലപ്പോഴും ക്ലേശകരവും, വായനക്കാരന് അരോചകവും ആയിരിക്കും. (“ഒരു ആൾ വേറെ ഒരു ആളെ നോക്കി” എന്നതിനേക്കാൾ “ഒരാൾ വേറൊരാളെ നോക്കി” എന്ന് എഴുതുന്നതാണല്ലോ വായനാസുഖം തരുന്നത്? അതേ സമയം ഇംഗ്ലീഷിൽ “a man looked at another man” എന്ന് എഴുതുന്നത് സ്വാഭാവികമാണ്.)

എന്നിരുന്നാലും, ഒരു വേദഭാഗത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയുവാൻ പദാനുപദ പരിഭാഷ പലപ്പോഴും സഹായിക്കും. ഇംഗ്ലീഷിലെ കെ.ജെ.വി ഏറെക്കുറെ ഒരു പദാനുപദ പരിഭാഷയാണ്. ഈ വേദഭാഗം കെ.ജെ.വിയിൽ നിന്നും:
... LO [G2400], I am with you alway, even unto the end of the world. (Mat 28:20)
ഇവിടെ LO എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം (G2400, ἰδού, ഇദോ) നോക്കൂ, കാണൂ (behold, see) എന്നൊക്കെ ഇംഗ്ലീഷിൽ 182 തവണ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. LO എന്നത് LOOK എന്ന വാക്കിൻറെ പ്രാചീന രൂപമാണ്. ഈ വാക്ക് തമിഴിൽ “ഇതോ” എന്നും, കന്നഡത്തിൽ “ഇഗോ” (അല്ലെങ്കിൽ “നോഡിരി”) എന്നും, തെലുങ്കിൽ “ഇദിഗോ” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളം വേദപുസ്തകം പരിഭാഷപ്പെടുത്തിയ ആൾക്ക് “ഇതാ” എന്നോ “നോക്കൂ” എന്നോ പരിഭാഷപ്പെടുത്തുവാൻ തോന്നിയില്ല.

അതായത്, ഇവിടെ യേശു പറയുന്നത്:
“... നോക്കൂ, ഞാൻ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട്.” എന്നാണ്.
നോക്കൂ എന്ന വാക്കിന് അത്രമാത്രം പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്: “ഇപ്പോൾ മുതൽ ഞാൻ നിങ്ങളോട് കൂടെയുണ്ട്” എന്നാണ് വിവക്ഷ.

(“നിങ്ങളോടുകൂടെ ഉണ്ടു” എന്ന് എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ “ഊണിന് കറികൾ എന്തൊക്കെയായിരുന്നു?” എന്ന് ചോദിക്കുവാൻ തോന്നും)


യേശു “എല്ലാ നാളും” ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നോ?



ഏകദേശം ക്രി.പി.30-33ൽ “... നോക്കൂ, ഞാൻ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട്” എന്ന് പറഞ്ഞിട്ട് പോയ കർത്താവ് എല്ലാ നാളും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നോ? അവിടന്ന് അവരോട് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ യൂദാസിന് പകരക്കാരനായി പ്രാർത്ഥനാപൂർവം നറുക്കിട്ട് തെരഞ്ഞെടുത്ത മത്ഥിയാസിനെ തള്ളിക്കളഞ്ഞ് പൌലോസിനെ അപ്പൊസ്തലനായി നിയമിച്ചു? (പ്രാർത്ഥനാപൂർവമായ ആ നറുക്കെടുപ്പ് ക്രിസ്തുവിനോട് കൂടെ ക്രൂശിൽ തറയ്ക്കപ്പെട്ട ന്യായപ്രമാണത്തിലെ ദൈവനിശ്ചയം അറിയുവാനുള്ള ഒരു അനുഷ്ഠാനം ആയിരുന്നു. ലേവ്യ 16:8-10 കാണുക. അവർ നടത്തിയ തെരഞ്ഞെടുപ്പിൻറെ പരിണിതഫലമായി ഇന്നും പൌലോസ് വിരോധികൾ അദ്ദേഹത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനും തട്ടിപ്പുകാരനുമായി ചിത്രീകരിക്കുന്നു!)

സ്വർഗാരോഹണം മുതൽ പെന്തക്കൊസ്ത വരെ (എല്ലാ നാളും) അവിടന്ന് അവരുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ? (യോഹ 14:18, 26) - ആ വചനത്തിൻറെ കിറുകൃത്യം പൂർത്തീകരണമാണ് ഉദ്ദേശിച്ചതെങ്കിൽ..

ദൈവത്തിൻറെ വാസസ്ഥലം മനുഷ്യരോട് കൂടെ.


ക്രി.പി.70ന് മുമ്പുതന്നെ, ആദ്യത്തെ പെന്തക്കൊസ്ത നാൾ മുതൽ, ദൈവവും ദൈവപുത്രനും ഭൂമിയിൽ താവളമുറപ്പിക്കുവാൻ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, “ക്രി.പി. 70 വരെ മാത്രമേ കർത്താവ്‌ അപ്പൊസ്തലന്മാരോട് കൂടെയുണ്ടയിരുന്നുള്ളോ?” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ദൈവത്തിൻറെ വാസസ്ഥലം അപ്പൊസ്തലന്മാർ ഉൾപ്പടെയുള്ള മനുഷ്യരോട് കൂടെയാണ്, ആയിരുന്നു.

പെന്തക്കൊസ്ത നാൾ മുതൽ ക്രി.പി.70-73 വരെയുള്ള കാലഘട്ടം ഒരു സംക്രമണ കാലഘട്ടമായിരുന്നു (transition period). ആ കാലഘട്ടത്തിൽ ശിഷ്യന്മാർ വളരെയധികം ദുരിതങ്ങൾ സഹിക്കേണ്ടിയിരുന്നു. ആ ദുരിതങ്ങളെ നേരിടുവാനുള്ള ധൈര്യം നൽകുക എന്നതായിരിക്കാം യേശുവിൻറെ പ്രസ്താവനയുടെ അർത്ഥം, അല്ലാതെ ക്രി.പി.70ന് ശേഷം കർത്താവ് ഭൂമിയിൽ നിന്നും വിടവാങ്ങുമെന്നല്ല.


അപ്പൊസ്തലന്മാർ ആ കാലഘട്ടത്തിനുള്ളിൽ രക്തസാക്ഷികളായി, അല്ലെങ്കിൽ മരിച്ചു. ആരുടെയും മരണത്തെ പറ്റി വ്യക്തമായ ചരിത്രരേഖകൾ ഇല്ല. ഇന്ന പാരമ്പര്യം ഇങ്ങനെ പറയുന്നു, രണ്ടാം നൂറ്റാണ്ടിലോ, മൂന്നാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന ഇന്നയാൾ ഇങ്ങനെ പറയുന്നു, പക്ഷേ, മിക്കവാറും പണ്ഡിതന്മാർ അതിനോട് യോജിക്കുന്നില്ല ... എന്നിങ്ങനെയല്ലാതെ കൃത്യമായ തിയ്യതികൾ ലഭ്യമല്ല. (അപ്പൊസ്തലന്മാരുടെ മരണത്തെ പറ്റി വിശ്വവിജ്ഞാനകോശങ്ങളിൽ കാണുന്ന വിവരങ്ങൾ പോലും ഓരോ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ല.)

യോഹന്നാൻ, വെളിപ്പാട്.



ക്രി.പി.130ൽ ജനിച്ച “സഭാപിതാവായ” ഐറേനിയസ്: “അത് (വെളിപ്പാട് ദർശനം) കണ്ടിട്ട് അധികം കാലമായിട്ടില്ല, ഏകദേശം നമ്മുടെ കാലത്ത്, ഡൊമിഷ്യൻറെ വാഴ്ചയുടെ അന്ത്യത്തിലാണ് (ക്രി.പി.96)” എന്ന് എഴുതിയിരിക്കുന്നതിൻറെ അടിസ്ഥാനത്തിൽ യോഹന്നാൻ വെളിപ്പാട് ക്രി.പി.96ൽ ആണ് എഴുതിയത്, അതുകൊണ്ട് യോഹന്നാൻ ക്രി.പി.96ന് ശേഷവും ജീവിച്ചിരുന്നു എന്ന് വാദിക്കുന്നവരുണ്ട്.

ഐറേനിയസ് ക്രി.പി.180ൽ എഴുതിയ “മതഭേദങ്ങൾക്ക് വിരോധമായി” (Against Heresies) എന്ന തൻറെ പുസ്തകത്തിൽ 84 വർഷങ്ങൾക്ക് മുമ്പ് (ക്രി.പി.96ൽ) നടന്നതായി പറയപ്പെടുന്ന സംഭവത്തെ പറ്റി “ഏകദേശം നമ്മുടെ കാലത്ത്” എന്ന് പറയുന്നത് തന്നെ മണ്ടത്തരം. (1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതിനെ പറ്റി “ഏകദേശം നമ്മുടെ കാലത്ത്” എന്ന് 1960ൽ ജനിച്ച എനിക്ക് പറയുവാൻ കഴിയില്ല, കാരണം, അന്ന് എൻറെ അപ്പൻ വിവാഹം കഴിച്ചിട്ടുപോലും ഇല്ല.)

ഇതേ മണ്ടത്തരം എഴുതപ്പെട്ടിരിക്കുന്ന അദ്ധ്യായത്തിൻറെ (പുസ്തകം 5, അദ്ധ്യായം 30) ആദ്യത്തെ ഖണ്ഡികയിൽ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ (ancient copies) പറ്റി പരാമർശിക്കുന്നുണ്ട്. 84 വർഷം മുമ്പ് നടന്ന സംഭവത്തിനെ പറ്റി “ഏകദേശം നമ്മുടെ കാലത്ത്” എന്ന് വിശേഷിപ്പിച്ച ആൾ വെളിപ്പാടിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുമ്പോൾ ഉണ്ടാകുന്ന സംശയം ഇതാണ്: വെളിപ്പാട് ദർശനം കാണുന്നതിന് മുമ്പ് എങ്ങനെ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികൾ ഉണ്ടായി?

ഐറേനിയസ് തന്നെ യേശുവിൻറെ ശിഷ്യന്മാർക്കെല്ലാം 40 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ക്രി.പി.33ൽ യോഹന്നാന് 40 വയസ്സ് പ്രായമുണ്ടായിരുന്നെങ്കിൽ ക്രി.പി.96ൽ അദ്ദേഹത്തിന് 103 വയസ്സ് പ്രായമുണ്ടായിരുന്നിരിക്കും. അത്രയും പ്രായമായ മനുഷ്യനെ നീചനായ ഒരു രാജാവ് ഒരു ദ്വീപിലേയ്ക്ക് നാടുകടത്തിയേക്കാം, പക്ഷേ, വീണ്ടും അവശനായ ആ പടുകിഴവൻ അനേക ജാതികളോട് പ്രവചിക്കേണ്ടിവരും എന്ന് കൽപിക്കുന്ന ദൂതൻ ആ നീചനായ രാജാവിനേക്കാൾ ഒട്ടും മോശക്കാരനല്ലല്ലോ?
വെളി 10:11 അവൻ (ദൂതൻ) എന്നോട് (യോഹന്നാനോട്) നീ (യോഹന്നാൻ) ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് (കുറിച്ച് എന്നത് തെറ്റായ പരിഭാഷയാണ്) പ്രവചിക്കേണ്ടിവരും എന്ന് പറഞ്ഞു.
Rev 10:11 And he said unto me, Thou must prophesy again before (to) many peoples, and nations, and tongues, and kings.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Tuesday, March 7, 2017

⑨ യേശുവിൻറെ ഒന്നാം വരവ് ലോകാവസാനത്തിൽ ആയിരുന്നു!

ക്രിസ്തുവിൽ പ്രിയരെ,

//9. AD 70ൽ ലോകാവസാനം, യുഗാവസാനം ഉണ്ടായി (മത്തായി 24:14 അപ്പോൾ “അവസാനം” വരും.) //


ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ കുറിപ്പിലെ ഒമ്പതാമത്തെ പോയിൻറിനുള്ള മറുപടിയാണിത്.

യേശുവിൻറെ ഒന്നാം വരവ് ലോകാവസാനത്തിൽ ആയിരുന്നു!


മത്താ 24:3ൽ യുഗത്തിൻറെ അന്ത്യത്തെ പറ്റിയല്ല, ലോകാവസാനത്തെ പറ്റിയാണ് പ്രതിപാദിക്കുന്നത് എന്ന് ഗ്രീക്ക് പണ്ഡിതനായ പാസ്റ്റർ അഭിലാഷ് രാജ് മലയാളം വേദപുസ്തകത്തിൻറെ അടിസ്ഥാനത്തിൽ വാദിക്കുന്നത് കേട്ടപ്പോൾ വേദന തോന്നി. കാരണം, മത്തായി 24:3ൽ “ലോകാവസാനം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്ക് വാക്കുകൾ അതേ ക്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനമുണ്ട്. രണ്ട് വചനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക:
മത്താ 24:3 അവിടന്ന് ഒലിവ് മലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവിടത്തെ അടുത്തുവന്ന്: “അത് എപ്പോൾ സംഭവിക്കും എന്ന് അവിടത്തെ വരവിനും ലോകാവസാനത്തിന് അടയാളം എന്തെന്നും പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു.
Mat 24:3 And as he sat upon the mount of Olives, the disciples came unto him privately, saying, Tell us, when shall these things be? and what shall be the sign of thy coming, and of the endG4930 of theG3588 worldG165?

എബ്രാ 9:26 അങ്ങനെയായാൽ ലോകസ്ഥാപനം മുതൽ അവിടന്ന് പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവിടന്ന് ലോകാവസാനത്തിൽ സ്വന്ത യാഗത്താൽ പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
Heb 9:26 For then must he often have suffered since the foundation of the world: but now once in the endG4930 of theG3588 worldG165 hath he appeared to put away sin by the sacrifice of himself.
യേശു പാപമോചനത്തിനായി സ്വയം ബലിയർപ്പിക്കുവാൻ വേണ്ടി പ്രത്യക്ഷനായി എന്ന് എഴുതിയിരിക്കുന്നത് അവിടത്തെ ജനനത്തെയോ, പൊതുശുശ്രൂഷയുടെ ആരംഭത്തെയോ പറ്റി ആയിരിക്കാം. പൊതുശുശ്രൂഷയുടെ ആരംഭത്തെ പറ്റിയാണെന്ന് കരുതിയാൽ (അങ്ങനെ കരുതുവാനാണ് ന്യായം കൂടുതൽ), അത് നമ്മുടെ ഭാവികാലത്തിലെ ഒരു ലോകാവസാനത്തിൽ സംഭവിക്കേണ്ട കാര്യമല്ലല്ലോ?
[ഈ രണ്ട് വചനങ്ങളുടെയും ഗ്രീക്ക് വ്യാകരണം കൃത്യമായി പരിശോധിച്ചാൽ എബ്രാ 9:26 ലോകങ്ങളുടെ (ബഹുവചനം) അവസാനത്തെ പറ്റിയാണ് പ്രതിപാദിക്കുന്നത് എന്ന് കാണുവാൻ കഴിയും. ലോകങ്ങൾ ഇല്ലാത്തതിനാൽ, ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കിന് ലോകം എന്ന അർത്ഥമില്ല എന്നത് വ്യക്തമാകുന്നു.]

  •  യേശുവിൻറെ പൊതുശുശ്രൂഷ ആരംഭിച്ച ക്രി.പി 29ൽ ലോകാവസാനം ആയിരുന്നു (എബ്രാ 9:26).
  • എബ്രായർക്കുള്ള ലേഖനം എഴുതപ്പെട്ട ക്രി.പി. 64ലും ലോകാവസാനം തുടരുകയായിരുന്നു (എബ്രാ 9:26- BUT NOW once in the end of the world, “എന്നാൽ,  ഇപ്പോൾ ലോകാവസാനത്തിൽ ഒരിക്കൽ” - എന്ന് പദാനുപദം പരിഭാഷപ്പെടുത്താതിരുന്ന പരിഭാഷകന് മരണാനന്തര ബഹുമതിയായി ജ്ഞാനപീഠം നൽകണം!)
ക്രി. പി. 29നും, ക്രി. പി. 64നും ഇടയിൽ, ക്രി. പി. 30-33ൽ ശിഷ്യന്മാർ യേശുവിനോട് ലോകാവസാനത്തെ പറ്റി ചോദിച്ചപ്പോൾ (മത്താ 24:3) അവർ ഉദ്ദേശിച്ചത് അപ്പോൾ നിലനിന്നിരുന്ന ലോകാവസാനത്തെ പറ്റിയായിരിക്കുമോ അതോ ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം നടക്കേണ്ട മറ്റൊരു ലോകാവസാനത്തെ പറ്റിയായിരിക്കുമോ? ആകെക്കൂടി എത്ര ലോകമുണ്ട്?, എത്ര ലോകാവസാനമുണ്ട്?

ഒരുപക്ഷേ, യേശുവിൻറെ ഒന്നാമത്തെ പ്രത്യക്ഷതയോടെ ലോകാവസാനം ആരംഭിച്ച് ഇപ്പോഴും തുടരുകയാണെന്ന് വാദിച്ചേക്കാം. ആദാമിൻറെ സൃഷ്ടി മുതൽ ഇന്നുവരെ 6000± വർഷങ്ങൾ ആയി എന്ന് കണക്കാക്കപ്പെടുന്നു. അതിൽ 2000± വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ലോകാവസാനമോ, അന്ത്യകാലമോ അൽപം കടന്നകൈയ്യല്ലേ?
മത്താ 24ലെ സംഭാഷണം വ്യക്തമായും യേശുവിൻറെ പാപപരിഹാര ബലിക്ക് മുമ്പാണ് നടന്നത്. എബ്രാ 9:26ൽ പരാമർശിച്ചിരിക്കുന്ന “ലോകാവസാനം” അതിനുമുമ്പ് നടന്നതായി എവിടെയും എഴുതപ്പെട്ടിട്ടില്ല.

അതായത്, യേശുവും അവിടത്തെ ശ്രോതാക്കളായിരുന്ന ശിഷ്യന്മാരും “ലോകാവസാനത്തിൽ” ആയിരുന്നു ഉണ്ടായിരുന്നത്.

ഏയിയോൻ (αἰών, G165)


യേശുവിൻറെ ഒന്നാമത്തെ വരവുതന്നെ ലോകാവസാനത്തിൽ (എബ്രാ 9:26) ആയിരുന്നെങ്കിൽ മത്താ 24:3 മറ്റൊരു കാലത്തെ പറ്റി പരാമർശിക്കുവാൻ വഴിയില്ല എന്ന് മനസ്സിലാക്കിയതിനാലാണ് വളരെയധികം പരിഭാഷകൾ ഈ വചനങ്ങളിൽ “ലോകാവസാനം” എന്ന് പരിഭാഷ ചെയ്യാതെ “യുഗസമാപ്തി” എന്നോ “യുഗാന്ത്യം” (end of the age OR close of the age) എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (ഉദാഹരണങ്ങൾ: ABP, Darby, EMTV, ERV, ESV, GNB, ISV, LITV, RSV, WNT, YLT)

ഈ രണ്ട് വചനങ്ങളിലും “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് ഏയിയോൻ (αἰών, G165) ആണ്. മത്താ 24:3ൽ ഈ വാക്കിനോട് സംബന്ധികാ വിഭക്തിപ്രത്യയം (Genitive / Possessive case) ചേർത്ത  രൂപഭേദമായ ഏയിയോനോസ് (αιωνος, aionos) ആണ് ഉപയോഗിച്ചിട്ടുള്ളത്. (Robinson's Morphological Analysis Code - N-GSM, )

ഈ വാക്കിന് യുഗം, അല്ലെങ്കിൽ കാലഘട്ടം (era, epoch) എന്ന് അർത്ഥമുണ്ട്. “നിത്യമായി”, “എന്നെന്നേയ്ക്കും” എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ ഈ വാക്ക് രണ്ട് തവണ തുടർച്ചയായി ഉപയോഗിച്ചിരിക്കുന്നത് കാണാം (റോമ 16:27; വെളി 4:9). ഈ വാക്കിൽ നിന്നും ഉൽഭവിച്ച ഏയിയോനീയോസ് (αἰώνιος, G166) എന്ന പദം “നിത്യം”, “എന്നെന്നേയ്ക്കും” (eternal, everlasting) എന്നൊക്കെ 64 തവണ പുതിയനിയമത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.അതായത്, ഈ വാക്കിന് സമയം അല്ലെങ്കിൽ കാലവുമായി അഭേദ്യമായ ബന്ധമുണ്ട്.

ഏയിയോൻ എന്ന വാക്കിന് “ലോകം” എന്ന അർത്ഥം ഉണ്ടാകാം. “കരി”, “കളഭം” എന്നീ വാക്കുകൾക്ക് “ആന” എന്നും അർത്ഥമുള്ളതിനാൽ ആരോടെങ്കിലും “കരി വാങ്ങിക്കൊണ്ടുവരൂ” എന്ന് പറഞ്ഞാൽ ആനയെ വാങ്ങിക്കൊണ്ടുവരില്ലല്ലോ? [സ്കൂളിൽ നനാർത്ഥവും വിഭക്തിയും പ്രത്യയവുമൊക്കെ  പഠിക്കേണ്ട രീതിയിൽ പഠിച്ചിരുന്നെങ്കിൽ നല്ല മാർക്കോടേ പാസ്സായി, എവിടെ എത്തിയേനെ, അല്ലേ പാസ്റ്ററേ?]

“ലോകാവസാനത്തിന്” മുമ്പ് സംഭവിക്കേണ്ട  കാര്യങ്ങൾ.


ക്രി.പി.70ലോ വേറെ എപ്പോഴെങ്കിലുമോ ലോകാവസാനം സംഭവിക്കണമെങ്കിൽ അതിനുമുമ്പ് നടക്കേണ്ട അനവധി കാര്യങ്ങളുണ്ട്.

മഹോപദ്രവം നടക്കേണ്ടിയിരുന്ന കാലം.

ക്രൈസ്തവർ “മഹോപദ്രവകാലം” എന്ന് വർണ്ണിക്കുന്ന കാലത്തിന് മത്താ 24:21ൽ “വലിയ കഷ്ടം” എന്നും മർക്കോ 13:19 “കഷ്ടകാലം” (മഹാ ഇല്ലാതെ) എന്നുമാണ് എഴുതിയിരിക്കുന്നത്. ഈ വചനങ്ങളുടെ അടിസ്ഥാനം ദാനീ 12:1 ആണ്.
മത്താ 24:21 ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്ന് ഉണ്ടാകും.

ദാനീ 12:1 ആ കാലത്ത് നിൻറെ സ്വജാതിക്കാർക്കും തുണനിൽക്കുന്ന മഹാ പ്രഭുവായ മീഖായേൽ എഴുനേൽക്കും; ഒരു ജാതി ഉണ്ടായത് മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും;...
ഉപദ്രവം അടക്കം ദാനീയേൽ 12ൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾ സംഭവിക്കേണ്ട കാലത്തെ പറ്റി അതേ അദ്ധ്യായത്തിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്.
ദാനീ 12:6 എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന് മീതെ നിൽക്കുന്ന പുരുഷനോട്: “ഈ അതിശയകരമായ കാര്യങ്ങളുടെ അവസാനം എപ്പോൾ വരും?” എന്ന് ചോദിച്ചു.
ദാനീ 12:7 ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന് മീതെ നിൽക്കുന്ന പുരുഷൻ വലത് കൈയും ഇടത് കൈയും സ്വർഗത്തിലേക്ക് ഉയർത്തി: “എന്നേയ്ക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധ ജനത്തിൻറെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ എല്ലാം നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
“വിശുദ്ധ ജനം” യിസ്രായേൽ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? (ആവ 7:6; 14:2; 14:21; 26:19; 28:9). ആ വിശുദ്ധ ജനത്തിൻറെ ബലം തകർക്കപ്പെട്ടത് ക്രി.പി.70ൽ. അപ്പോഴാണ് ദാനീ 12:1-3ൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും (ഉപദ്രവം, പുനരുത്ഥാനം, ന്യായവിധി ...) സംഭവിച്ച് തീരേണ്ടിയിരുന്നത്.
  • വേദപുസ്തകത്തിൽ ഒരിടത്തും യിസ്രായേല്യർ ഒഴികെ ആരെയും വിശുദ്ധ ജനം (Holy nation/people) എന്ന് വിളിച്ചിട്ടില്ല. അതുകൊണ്ട് ഈ പരാമർശം മറ്റാർക്കും ഇണങ്ങില്ല. (2പത്രോ 2:9 ഉൾപ്പടെ).
  • നിലവിലുള്ള യെഹൂദരിൽ 80% അഷ്കെനാസി യെഹൂദരാണ് (Ashkenazi Jews, ബാക്കിയുള്ളവർ ഷേഫർദി, മിസ്രയി, ബീറ്റ, ബെനെ, കരൈറ്റ് എന്നിങ്ങനെ പോകുന്നു). അവർ യഥാർത്ഥ യിസ്രായേല്യരെ (യെഹൂദരെ) പോലെ നോഹയുടെ മകൻ ശേമിൻറെ മക്കളല്ല; യാഫെത്തിൻറെ മകൻ ഗോമെരിൻറെ മകൻ അസ്കെനാസിൻറെ മക്കളാണ് (ഉൽ 10:2-3).
  • ദാനീ 12ൽ എഴുതപ്പെട്ടിരിക്കുന്നത് ദാനീയേലിൻറെ സ്വജാതിക്കാരെ (ദാനീ 12:1, “thy people”) പറ്റിയാണ്, ഇപ്പോൾ പലസ്തീൻ നാട്ടിലുള്ള അഷ്കെനാസി ഭൂരിപക്ഷമുള്ള രാജ്യത്തെയോ, ഹിറ്റ്ലർ ഒടുക്കിയവരെയോ പറ്റിയല്ല.

ഉപസംഹാരം:

  • ദാനീ 12:1ൽ പ്രവചിക്കപ്പെട്ടിരുന്ന ഉപദ്രവം തന്നെയാണ് മത്താ 24:21ൽ യേശു പ്രവചിച്ചതും.
  • ദാനീയേൽ 12ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും യെഹൂദരുടെ നാശത്തോട് അനുബന്ധിച്ച് നടക്കണമായിരുന്നു. അവരുടെ നാശം ക്രി.പി.70ൽ സംഭവിച്ചു.
  • യേശു പറഞ്ഞ കാര്യങ്ങൾ അവിടത്തെ ശ്രോതാക്കളുടെ തലമുറയിൽ (മത്താ 24:34) നടക്കണമായിരുന്നു. ഒരു തലമുറ 40 വർഷം എന്ന് കണക്കാക്കിയാൽ (സംഖ്യ 32:13), യേശു ഈ കാര്യങ്ങൾ പ്രവചിച്ച ക്രി.പി. 30-33ൽ നിന്നും 40 വർഷങ്ങൾക്കുള്ളിൽ നടക്കണമായിരുന്നു - ക്രി.പി.70നോട് അടുത്ത്.
  • മനുഷ്യദൃഷ്ടിക്ക് ദൃശ്യമായ കാര്യങ്ങളെല്ലാം (ഉപദ്രവം, ശൂന്യമാക്കുന്ന മ്ലേച്ഛത, ഹോമയാഗങ്ങൾ നിർത്തലാക്കപ്പെട്ടത്, യെഹൂദരുടെ നാശം...) ചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.
  • ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്താത്ത, രേഖപ്പെടുത്തുവാൻ കഴിയാത്ത, കാര്യങ്ങൾ:
    • യേശു ശരീരത്തിൽ തിരിച്ചുവരില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
    • ന്യായവിധി അക്ഷരാർത്ഥത്തിൽ ഉള്ളതല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
    • മരിച്ചവരുടെ പുനരുത്ഥാനം ശാരീരികമോ ഭൌതികമോ അല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (ഇവയെ പറ്റി വഴിയേ എഴുതാം. ചിലർക്ക് ഉറഞ്ഞുതുള്ളാനും, കമൻറെഴുതി തളരാനും ഇത്രയും പോരേ?)
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ


Sunday, March 5, 2017

⑧ ക്രി.പി.70ന് മുമ്പ് ലോകത്തിൽ എല്ലായിടത്തും സുവിശേഷം പ്രസംഗിക്കപ്പെട്ടു!

ക്രിസ്തുവിൽ പ്രിയരെ,

ഈ ലേഖനത്തിൻറെ തലക്കെട്ട് കണ്ടപ്പോഴേ എനിക്ക് വട്ടാണെന്ന് മനസ്സിൽ കരുതിയില്ലേ? (മുമ്പുതന്നെ കരുതിയിട്ടില്ലെങ്കിൽ!)

// 8. AD 70 ൽ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെട്ടു (മത്തായി 24:14 സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും) //

ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ കുറിപ്പിലെ എട്ടാമത്തെ പോയിൻറിനുള്ള മറുപടിയാണിത്.

മത്താ 24:14 അനുസരിച്ച് ലോകാവസാനം വരുന്നതിന് മുമ്പ് സുവിശേഷം ഭൂമിയിലുള്ള സകല ജാതികൾക്കും പ്രസംഗിക്കപ്പെടണം, അത്രേയല്ലേയുള്ളൂ? വചനം കാണിച്ചാൽ പാസ്റ്റർമാര് സമ്മതിക്കുമോ? (സ്കൂളിൽ പഠിച്ച വ്യാകരണം ഓർമ്മയുണ്ടാവുമോ?)

ക്രി.പി.70ന് മുമ്പ് ലോകത്തിലും ഭൂമിയിലും എല്ലായിടത്തും സുവിശേഷം പ്രസംഗിക്കപ്പെട്ടു.


തെളിവ് ① ക്രി.പി.57-58ൽ റോമർക്ക് എഴുതപ്പെട്ട ലേഖനത്തിൽ നിന്നും.

റോമ 10:15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
റോമ 10:16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചു” എന്ന് യെശയ്യാവ് പറയുന്നുവല്ലോ.
റോമ 10:17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറെ വചനത്താലും വരുന്നു.
റോമ 10:18 എന്നാൽ അവർ കേട്ടില്ലേ എന്ന് ഞാൻ ചോദിക്കുന്നു. “കേട്ടിരിക്കുന്നു നിശ്ചയം” അവരുടെ (നന്മ സുവിശേഷിക്കുന്നവരുടെ) നാദം സർവ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിൻറെ അറ്റത്തോളവും പരന്നു”.
Rom 10:18 But I say, Have they not heard? Yes verily, their sound went into all the earth, and their words unto the ends of the world[G3625].
  • മത്താ 24:14ൽ യേശു ഉപയോഗിച്ച അതേ ഗ്രീക്ക് വാക്കാണ് ഇവിടെയും “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
    Mat 24:14 And this gospel of the kingdom shall be preached in all the world[G3625] for a witness unto all nations; and then shall the end come. 
  • റോമ 10:15-18 മുഴുവനും ഭൂതകാലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചോ? (കേട്ടിരിക്കുന്നു, പരന്നു)
  • ഭൂമി, ലോകം എന്നീ വാക്കുകളുടെ അർത്ഥത്തെ പറ്റി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനാണ് രണ്ട് വാക്കുകളും ഒരുമിച്ച് ഉപയോഗിച്ചതും, “സർവ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിൻറെ അറ്റത്തോളവും” എന്ന് വ്യക്തമാക്കിയതും.

തെളിവ് ② ക്രി.പി.62ൽ കൊലൊസ്സ്യർക്ക് എഴുതപ്പെട്ട ലേഖനത്തിൽ നിന്നും.

കൊലൊ 1:23 ആകാശത്തിൻറെ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായി തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിൻറെ പ്രത്യാശയിൽ നിന്നും നിങ്ങൾ ഇളകാതെ അടിസ്ഥാനമുള്ളവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവൻറെ മുമ്പിൽ നിൽക്കും.
Col 1:23 If ye continue in the faith grounded and settled, and be not moved away from the hope of the gospel, which ye have heard, and which was preached to every creature which is under heaven; whereof I Paul am made a minister;
  • ഈ വചനം പരിപൂർണ്ണമായും ഭൂതകാലത്തിലാണ് എന്നത് ശ്രദ്ധിക്കുക.
  • മത്താ 24:14ൽ “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടണം” എന്നാണ് നിഷ്കർഷിച്ചിരുന്നതെങ്കിൽ, ഈ വചനം ഒരു പടികൂടി കടന്ന് “ആകാശത്തിൻറെ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിക്കപ്പെട്ടു” എന്നാണ് സ്ഥാപിക്കുന്നത്.
ക്രി.പി 70ന് മുമ്പ് ലോകത്തിൽ എല്ലായിടത്തും സുവിശേഷം പ്രസംഗിക്കപ്പെട്ടു എന്ന് തെളിയിക്കുന്ന അര ഡസ്സൻ വചനങ്ങളെങ്കിലുമുണ്ട്. വേദപുസ്തകം പഠിക്കുമ്പോൾ സ്കൂളിൽ പഠിച്ച വ്യാകരണം പോലും ഓർമ്മിക്കാത്തവർക്ക് എത്ര വചനങ്ങൾ കാണിച്ചുകൊടുത്താലും പ്രയോജനമില്ലല്ലോ?

സത്യാവസ്ഥ.


ലോകത്തിൽ എല്ലായിടത്തും, ഭൂമിയുടെ അറ്റത്തോളം, വാനത്തിന് കീഴിലുള്ള സമസ്ത സൃഷ്ടികൾക്കും സുവിശേഷം പ്രസംഗിക്കപ്പെട്ടു എന്ന് പൌലോസ് അവകാശപ്പെടുമ്പോഴും, അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രഘോഷണം റോമാ സാമ്രാജ്യത്തിന് വെളിയിൽ ഇന്ത്യ, ചൈന തുടങ്ങിയ ദേശങ്ങളുടെ ഓരങ്ങളിൽ മാത്രമേ എത്തിയിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. അമേരിക്കയും, ആസ്ട്രേലിയയും 15, 16 നൂറ്റാണ്ടുകൾ വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല എന്നും നമുക്കറിയാം.

അപ്പോൾ പൌലോസ് വെറുതെ ഒരു തള്ള് തള്ളിയതാണോ? അല്ലേയല്ല. മത്താ 24:14, റോമ 10:18 എന്നീ വചനങ്ങളിൽ “ലോകം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് പരിശോധിച്ചാൽ നമുക്ക് വേണ്ട ഉത്തരം ലഭിക്കും.
G3625 οἰκουμένη (oikoumenē, oy-kou-men'-ay, ഒയ്കോമെനെ)
Feminine participle present passive of G3611 (as noun, by implication of G1093); land, that is, the (terrene part of the) globe; specifically the Roman empire (പ്രത്യേകമായും റോമാ സാമ്രാജ്യം): - earth, world.
 അതായത്, യേശു സുവിശേഷം പ്രസംഗിക്കുവാൻ നിർദ്ദേശിച്ചതും, പൌലോസ് നിർവഹിച്ചു എന്ന് പറഞ്ഞതും നമ്മൾ മനസ്സിലാക്കുന്ന ഭൂതലത്തിൽ മുഴുവനുമല്ല, പ്രാഥമികമായും റോമാ സാമ്രാജ്യത്തിൽ ആയിരുന്നു.

“വായിക്കുന്നവർ ചിന്തിക്കണം”, കൂട്ടത്തിൽ എഴുതിയിരിക്കുന്ന വചനം ഭൂതകാലത്തിലാണോ അതോ ഭാവികാലത്തിലാണോ എന്നതും ശ്രദ്ധിക്കേണം, അല്ലേ, ന്യൂമാ പാസ്റ്റർമാരേ?

തുടരും,
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Saturday, March 4, 2017

③ മരിച്ചവരുടെ ആത്മാക്കൾ AD 70 ൽ, (കർത്താവിന്റെ നാളിൽ) രക്ഷിക്കപ്പെട്ടോ?

ക്രിസ്തുവിൽ പ്രിയരെ,

ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ കുറിപ്പിലെ മൂന്നാമത്തെ പോയിൻറാണിത്. (അവർ എഴുതിയിരിക്കുന്നത് ചോദ്യങ്ങളാണോ, ആശയങ്ങളാണോ എന്നത് വ്യക്തമല്ല, തൽക്കാലം പോയിൻറ് എന്ന് വിളിക്കുന്നു.) രണ്ടാമത്തെ പോയിൻറിന് മറുപടി എഴുതാതെ മൂന്നാമത്തേതിന് എഴുതുന്നത് പരാജയഭീതികൊണ്ടോ, ഉത്തരമില്ലാതിനാലോ അല്ല, ചെറിയ ഉത്തരം ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതാം എന്ന് കരുതിയാണ്.

// മരിച്ചവരുടെ ആത്മാക്കൾ AD 70 ൽ, (കർത്താവിന്റെ നാളിൽ ) രക്ഷിക്കപ്പെട്ടു. //


ഈ പോയിൻറിനെ പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന് ഭവിതവാദവുമായി (Preterism) ഒരു ബന്ധവുമില്ല. 2016 മെയ് മാസത്തിൽ ഞാൻ സാത്താനെ പറ്റി എഴുതിയ ഒരു ലേഖനത്തിൽ 1കൊരി 5:5 പരാമർശിച്ചിരുന്നു. ആ ലേഖനത്തിന് ഫേസ്ബുക്കിലും ബ്ലോഗറിലും വിഷയത്തോട് പുലബന്ധമില്ലാത്ത കമൻറുകൾ ഇട്ടുകൊണ്ടിരുന്ന പാസ്റ്റർ ജിനു നൈനാൻറെ തലയിൽ വിളഞ്ഞതായിരിക്കണം ഈ പോയിൻറ്! (അദ്ദേഹത്തിൻറെ കമൻറുകൾ ഞാൻ നീക്കംചെയ്തു.)
(1 കൊരിന്ത്യർ 5:5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.)
“ന്യൂമാ” (4151, πνεῦμα, pneuma) എന്ന ഗ്രീക്ക് വാക്കാണ് ഈ വചനത്തിൽ “ആത്മാവ്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്ന് “ന്യൂമാ” ഹെര്‍മന്യൂട്ടിക്സുകാരെ ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ലല്ലോ?

ന്യൂമാ എന്ന വാക്കിൻറെ നിർവചനം സ്ട്രോങ്സ് നിഘണ്ടുവിൽ നിന്നും:
G4151 νεῦμα (pneuma, pnyoo'-mah)
From G4154; a current of air (വായൂപ്രവാഹം), that is, breath (blast, ശ്വാസം) or a breeze (മന്ദമാരുതൻ); by analogy or figuratively a spirit (ആത്മാവ്), that is, (human) the rational soul, (by implication) vital principle, mental disposition, etc., or (superhuman) an angel, daemon, or (divine) God, Christ's spirit, the Holy spirit: - ghost, life, spirit (-ual, -ually), mind. Compare G5590.
സ്ട്രോങ്സിൽ ഇത്രയധികം നിർവചങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പുതിയനിയമത്തിൽ (KJV) ഈ വാക്ക് ആത്മാവ് (spirit, Ghost), ആത്മീയം, ജീവൻ എന്നിങ്ങനെയേ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ. ഈ വാക്ക് പരിശുദ്ധാത്മാവ് എന്ന എന്ന പദസമുച്ചയത്തിൽ 93 തവണ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ pneumatic എന്ന വാക്കിന് അമൂർത്തമായ, വായൂരൂപമായ എന്നൊക്കെ അർത്ഥമുണ്ട്.

ഇപ്പോൾ നമുക്ക് വിഷയത്തിലേയ്ക്ക് തിരിച്ചുവരാം. “1കൊരി 5ലെ അഗമ്യഗമനക്കാരനായ പാപിയുടെ അദൃശ്യവും അസ്പൃശ്യവുമായ ആത്മാവ് കർത്താവിൻറെ ദിവസത്തിൽ (ക്രി.പി.70ൽ) രക്ഷിക്കപ്പെട്ടോ?” എന്നതാണ് ഈ ചോദ്യം രൂപികരിച്ച പാസ്റ്ററുടെ വിവക്ഷ.

ക്രി.പി.70 എന്ന കാര്യം ഒരു നിമിഷം മറക്കുക. കർത്താവിൻറെ നാൾ നിങ്ങൾ ഈ ലേഖനം വായിക്കുന്ന ഇന്നാണ് എന്ന് കരുതുക. ആ പാപിയുടെ ആത്മാവ് രക്ഷിക്കപ്പെട്ടോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയുവാൻ കഴിയും? അദൃശ്യവും അസ്പൃശ്യവുമായ ആത്മാവിന് എന്ത് സംഭവിച്ചു എന്ന് അറിയണമെങ്കിൽ നാം ആത്മീയമണ്ഡലത്തിൽ (spirit realm) ആയിരിക്കണം, അല്ലെങ്കിൽ ആത്മീയമണ്ഡലത്തിൽ നിന്നും ഭൌതികമണ്ഡലത്തിൽ ഉള്ള നമ്മെ ആരെങ്കിലും അറിയിക്കണം.

പുനരുത്ഥാനം, ന്യായവിധി.


ക്രി.പി.70, ഭവിതവാദം, പ്രെട്രിസം എന്നൊക്കെ കേൾക്കുമ്പോൾ ഉയരുന്ന പൊതുവായ ഒരു ചോദ്യമാണ്: മരിച്ചവരുടെ പുനരുത്ഥാനം നടന്നെങ്കിൽ അവരൊക്കെ എവിടെ? ഒരുപക്ഷേ, ന്യൂമാ പാസ്റ്റർമാരും അതുതന്നെയാവാം ഉദ്ദേശിച്ചത്. ഈ വിഷയത്തെ പറ്റി പലതവണ എഴുതിയതിനാൽ ചുരുക്കി എഴുതാം.

1കൊരി 5ലെ മഹാപാപി കുഷ്ടം പിടിച്ച് മരിച്ചു. (ഉദാഹരണത്തിന് പറയുന്നതാണേ, ഇനി ഇതിൻറെ തെളിവും ചോദിച്ചുകൊണ്ട് നീണ്ട ചർച്ചയ്ക്ക് വരരുതേ!) അയാളെ പറമ്പിൻറെ മൂലയിൽ എവിടെയോ കുഴിച്ചിട്ടു. ഒന്നുരണ്ട് തലമുറ കഴിഞ്ഞുപോയി. അയാളുടെ പേരക്കുട്ടികളുടെ കാലത്ത് അയാളെ കുഴിച്ചിട്ടിടത്ത് മാവും, പ്ലാവും, തെങ്ങും നട്ടു. അവരുടെ മക്കൾ മാങ്ങയായും, തേങ്ങയായും, ചക്കയായും അയാളുടെ ശരീരത്തിലെ തന്മാത്രകൾ ഭക്ഷിച്ചു, ആ തന്മാത്രകൾ അവരുടെ ശരീരത്തിൻറെ ഭാഗമായി. അവരും മരിച്ച്‍ മണ്ണടിഞ്ഞ് മറ്റാരുടെയൊക്കെയോ ശരീരത്തിലെ തന്മാത്രകളായി. രണ്ടായിരം വർഷത്തിനുള്ളിൽ 1കൊരി 5ലെ മഹാപാപിയുടെ ശരീരത്തിലെ തന്മാത്രകൾ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെയും, മൃഗങ്ങളുടെയും, മണ്ണിൻറെയും ഭാഗമായിത്തീർന്നു. ഇപ്പോൾ അയാളെ ഉയിർപ്പിക്കണമെങ്കിൽ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന തന്മാത്രകളെ എവിടെ നിന്നെല്ലാം തേടി കണ്ടുപിടിക്കേണ്ടിവരും? ആ തന്മാത്രകൾ എത്ര വിശുദ്ധന്മാരുടെ ശരീരത്തിൽ എത്തിച്ചേർന്നിട്ടുണ്ടാവും?

ഭൂമിയുടെ മുകൾപ്പരപ്പിലെ മണ്ണിൽ പതിനായിരം കോടി മനുഷ്യരുടെ ശരീരങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന വെള്ളത്തിലും അവരുടെ തന്മാത്രകളുണ്ട്. നമ്മുടെ ശരീരത്തിലുണ്ട്. അവരെ ശാരീരികമായി ഉയിർത്തെഴുന്നേൽപ്പിക്കണമെങ്കിൽ അവർ നമ്മുടെ ശരീരത്തിൽ നിന്നും പുറത്തുവരണം. (അപ്പോൾ നമ്മളോ?)

പഴയനിയമത്തിലും പുതിയനിയമത്തിലും അനേകരെ ഉയിർപ്പിച്ചതിൻറെ വിവരണങ്ങളുണ്ടെങ്കിലും അവയൊന്നും ജീർണ്ണിച്ച് മണ്ണായി, മരങ്ങൾക്ക് വളമായവരുടേതല്ല.

പുനരുത്ഥാനത്തെ പറ്റി വിവരിക്കുന്ന 1കൊരി 15.

1കൊരി 15:22 ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
1കൊരി 15:42 മരിച്ചവരുടെ പുനരുത്ഥാനവും അതുപോലെ തന്നേ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു;
1കൊരി 15:43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
1കൊരി 15:44 പ്രാകൃതശരീരം (natural body) വിതയ്ക്കപ്പെടുന്നു, ആത്മീയശരീരം (spiritual body) ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മീയശരീരവും ഉണ്ട്.
പാപികൾക്ക് വ്യത്യസ്തമായ പുനരുത്ഥാനം ഉണ്ടെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? (ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും എന്നതിന് ക്രിസ്ത്യാനികൾ എല്ലാവരും ജീവിക്കപ്പെടും എന്ന് വ്യാഖ്യാനിക്കുവാനുള്ള വ്യാകരണപരമായ സാധ്യതകൾ ഇല്ല.)

അങ്ങനെ ആത്മീയശരീരത്തിൽ ഉയിർപ്പിക്കപ്പെട്ടവർ എവിടെ എന്ന് ചോദിക്കുന്ന പ്രാകൃതശരീരത്തിൽ ഉള്ളവർക്ക് കാര്യമായ എന്തോ തകരാറുണ്ടാവാം.

യേശു തിരിച്ചുവന്നാലേ പുനരുത്ഥാനം സംഭവിക്കുകയുള്ളോ?


യോഹ 5:25 ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: മരിച്ചവർ ദൈവപുത്രൻറെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
“ഇപ്പോൾ വന്നുമിരിക്കുന്നു” എന്നതിന് ക്രി.പി.30-33ൽ യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ കാലത്ത് എന്നല്ലാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്ന് അർത്ഥമുണ്ടോ? (ഈ വചനത്തിൻറെ സന്ദർഭത്തിൽ നിന്നും പാപത്തിൽ മരിച്ചവരെ അല്ല അർത്ഥമാക്കുന്നത് എന്നത് വ്യക്തമാണ്. യോഹ 5:28 കാണുക.)

പുനരുത്ഥാനത്തെ പറ്റിയുള്ള തെറ്റായ ധാരണകളാണ് പല അർത്ഥരഹിതമായ ചോദ്യങ്ങൾക്കും നിദാനം.

തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Thursday, March 2, 2017

① ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞോ?

ക്രിസ്തുവിൽ പ്രിയരെ,

“ന്യൂമാ ഹെർമ്മന്യൂട്ടിക്സ് സംഘടിപ്പിച്ച യുഗാന്ത്യ സംഭവങ്ങളെക്കുറിച്ചുള്ള  സംവാദങ്ങളുടെ അവലോകനം” എന്ന തലക്കെട്ടുമായി എനിക്ക് ലഭിച്ച ഒരു കുറിപ്പാണ് ഈ പരമ്പരയ്ക്ക് ആധാരം.

ആ കുറിപ്പിൻറെ ഒടുവിലെ വാചകം ഇങ്ങനെയാണ്:
“ദൈവവചനവും, ചരിത്രവും എന്ത് പറയുന്നു ????? (വായിക്കുന്നവർ ചിന്തിച്ചു കൊള്ളട്ടെ!!!!!”
ഇതിൽനിന്നും ഞാൻ മനസ്സിലാക്കുന്നത്: ക്രി.പി.70ൽ നടന്നു എന്ന് ഞങ്ങൾ അവകാശപ്പെടുന്ന കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്നോ, ചരിത്രത്തിൽ നിന്നോ തെളിയിക്കണം എന്നാണ്. ഇത് സാധ്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.

[എനിക്ക് ലഭിച്ച് കുറിപ്പിലെ ആശയങ്ങൾ ഇങ്ങനെ // വലിയ അക്ഷരങ്ങളിൽ // എഴുതിയിരിക്കുന്നു. എല്ലാ ആശയങ്ങൾക്കും ഒരേയൊരു ലേഖനത്തിൽ മറുപടിയെഴുതുവാൻ കഴിയില്ല.]

// Partial Preterism ഉപദേശ പ്രകാരം മത്തായി 24 ൽ യേശുക്രിസ്തു പറഞ്ഞ എല്ലാ പ്രവചനങ്ങളും AD 70ൽ നടന്നു കഴിഞ്ഞു എങ്കിൽ: //


ഒന്നാമത്തെ കാര്യം: Partial Preterism എന്നത് Preterism (ഭവിതവാദം) അല്ല. ആ യുഗാന്ത്യശാസ്ത്രം പഠിപ്പിക്കുന്നവർ വിവിധ സഭകളിൽ അവർ വഹിക്കുന്ന പദവികൾ നഷ്ടപ്പെടാതിരിക്കുവാൻ ശ്രമിക്കുന്നവരാണ്. അവരുടെ വിശ്വസ്തത സത്യത്തോടല്ല, സഭയിലെ പദവികളോടും, സമൂഹത്തിലെ സ്ഥാനങ്ങളോടുമാണ്. (ഇത് പാ. സജിത് ജോസഫിനിട്ട് കൊള്ളിക്കുവാൻ എഴുതിയതല്ല. കെന്നത്ത് ജെൻറി എന്ന പണ്ഡിതൻറെ കൃതികൾ മിക്കവാറും ഭവിതവാദികളെല്ലാം ആധികാരിക ഗ്രന്ഥങ്ങളായി കരുതുന്നു. പക്ഷേ, അദ്ദേഹം ഒരു Partial Preterist ആണ്. കാരണം വളരെ ലളിതം: അദ്ദേഹം Full Preterist ആയാൽ, പ്രസ്ബിറ്റേറിയൻ സഭയിലെ അദ്ദേഹത്തിൻറെ പദവി നഷ്ടപ്പെടും. ഗാരി ഡിമാർ ഒരു മഹാ പണ്ഡിതനാണ്, പക്ഷേ, അദ്ദേഹത്തിന് വ്യക്തമായ രാഷ്ടീയ ലക്ഷ്യങ്ങളുണ്ട്, അതുകൊണ്ടുതന്നെ മുഖ്യധാരാ സഭകളെ ഉപേക്ഷിക്കുവാൻ കഴിയില്ല.)

മലയാളത്തിലും ഇംഗ്ലീഷിലും ഭവിതവാദത്തെ പറ്റി എഴുതുന്ന ഞാൻ മുതൽ ഡോൺ കെ പ്രെസ്റ്റൺ വരെയുള്ള അനേകർ ഉണ്ടായിട്ടും, പാസ്റ്റർ അഭിലാഷ് രാജ് ജൊനാഥൻ വെൽട്ടൻ എന്ന Partial Preteristൻറെ പുസ്തകങ്ങളും ബ്ലോഗുകളും വായിച്ചിട്ട് മറ്റുള്ളവരുമായി തർക്കിക്കുന്നതിൻറെ പിന്നിലെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല. ഒരുപക്ഷേ, പാസ്റ്റർ സജിത് ജോസഫ് Partial Preterist ആയതുകൊണ്ട് അദ്ദേഹത്തോട് മുട്ടിക്കളയാം എന്ന് കരുതിയിരിക്കാം.

ഞാനും പാസ്റ്റർ അഭിലാഷ് രാജും ഫേസ്ബുക്ക് ഫ്രണ്ട്സ് ആയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ രോഗിയായ മകന് വേണ്ടി ഒരു പ്രാർഥനാ അഭ്യർത്ഥന (Prayer Request) പോസ്റ്റ് ചെയ്താൽ പോലും അദ്ദേഹം തിരിഞ്ഞുനോക്കില്ല. ഒരുപക്ഷേ, വിദേശികളുടെ രചനകൾ മാത്രമേ അദ്ദേഹം വായിക്കുകയുള്ളായിരിക്കാം.

പറഞ്ഞുവന്നതിൻറെ കാര്യം ഇതാണ്: ഭവിതവാദത്തെ (പ്രെട്രിസത്തെ) പറ്റി അദ്ദേഹത്തിന് അറിയണമായിരുന്നെങ്കിൽ എന്നെപ്പോലെയുള്ളവരോട് ചോദിക്കാമായിരുന്നു. അതിന് പകരം എൻറെ ഫോട്ടോ വെച്ച് ഫേസ്ബുക്ക് വീഡിയോ ഇറക്കും എന്ന ഭീഷണിയാണ് അദ്ദേഹം മുഴക്കിയത്. ഒരു പാസ്റ്റർ അങ്ങനെ ഭീഷണിപ്പെടുത്തുന്നതിന് തെമ്മാടിത്തരം എന്ന് പറയുവാൻ പറ്റില്ലല്ലോ? അതവിടെ നിൽക്കട്ടെ.

//പഴയനിയമ പ്രവാചകന്മാരും, പുതിയനിയമ അപ്പോസ്തോലന്മാരും പ്രവചിച്ച, ദൈവമക്കൾ വിശുദ്ധജീവിതതോടെയും, ഭക്തിയോടെയും കാത്തിരുന്ന കർത്താവിന്റെ നാൾ AD 70 വന്നു കഴിഞ്ഞു...//


“2 പത്രോസ് 3:11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ “വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”
ഈ ഭാഗത്തിൽ നിന്നും ന്യൂമാ ഉദ്ദേശിക്കുന്നത്: “ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞതിനും, മൂലപദാർത്ഥങ്ങൾ വെന്തുരുകിയതിനും വേദപുസ്തകത്തിലോ ചരിത്രത്തിലോ തെളിവുണ്ടോ?” എന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. (എൻറെ മനസ്സിലാക്കൽ തെറ്റാണെങ്കിൽ സദയം തിരുത്തുക, മറുപടി ഞാൻ മാറ്റിയെഴുതാം.)

ആകാശം ചുട്ടഴിയും, മൂലപദാർത്ഥങ്ങൾ വെന്തുരുകും, സൂര്യൻ വെളിച്ചം തരാതിരിക്കും, ചന്ദ്രൻ രക്തവർണ്ണമാകും എന്നൊക്കെ എഴുതപ്പെട്ടിരിക്കുന്നത് അക്ഷരംപ്രതി നിറവേറും എന്നാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഒരേയൊരു ചരിത്ര സംഭവവും അതിനെ പറ്റിയുള്ള പ്രവചനങ്ങളും പരിശോധിക്കുവാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഏദോം നാശമായത് യഹോവയുടെ പ്രതികാരത്തിൻറെ നാളിൽ (the day of the LORD'S vengeance, യെശ 34:8)


യാക്കോബിൻറെ മൂത്തമകനായ ഏശാവിൻറെ ദേശമായ ഏദോം (ഇതിന് സേയീർ, ബൊസ്ര എന്നീ പേരുകളും ഉണ്ട്. വിശദവിവരങ്ങൾ പറഞ്ഞ് ദീർഘിപ്പിക്കുന്നില്ല) നശിപ്പിക്കപ്പെട്ടത് ക്രി.മു. ആറാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ. ബാബേൽ രാജാവായ നെബൂഖദ്നേസർ മുതൽ നബാത്യർ (Nabataeans) വരെയുള്ളവർ ഏദോമിനെ ആക്രമിച്ചു, നിഗ്രഹിച്ചു, തുരത്തി.
ഏദോം ഉണ്ടായിരുന്ന സ്ഥലം ഇപ്പോൾ പെട്ര (Petra) എന്ന നാശാവശിഷ്ടങ്ങൾ നിറഞ്ഞ സ്ഥലമാണ്. നിലവിൽ ഏദോമ്യർ ആരും എവിടെയും ഇല്ല. (തൊഴിലില്ലാത്ത ചിലർ അവരുടെ വെബ്സൈറ്റുകളിലും, യൂട്യൂബ് വീഡിയോകളിലും, ബ്ലോഗുകളിലും അവർ വെറുക്കുന്നവരെയൊക്കെ ഏദോമ്യരായി ചിത്രീകരിക്കുന്നതൊഴികെ.)

ഏദോം (ഏശാവിൻറെ മലകൾ) നാശമായതിൻറെ വിവരണത്തോടെയാണ് മലാഖിയുടെ പുസ്തകം ആരംഭിക്കുന്നത്. (മലാ 1:1-4).
മലാ 1:3 ഏശാവിനെ ഞാൻ ദ്വേഷിച്ചു അവൻറെ പർവ്വതങ്ങളെ ശൂന്യമാക്കി അവൻറെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് കൊടുത്തിരിക്കുന്നു.
മലാ 1:4 ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്ന് ഏദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കും ദുഷ്ട പ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.
ഭൂതകാലത്തിൽ എഴുതപ്പെട്ടിട്ടുള്ള ഈ വേദഭാഗത്തിൽ നിന്നും ഏദോം ദേശം നാശമായെന്നും, ഏദോമ്യർ ബാക്കിയുണ്ടെന്നും വ്യക്തമാകുന്നുണ്ടല്ലോ? (യേശുവിൻറെ കാലത്ത് ഹെരോദ്യർ എന്നും, ഇദൂമ്യർ എന്നും അറിയപ്പെട്ട ഇവർ ക്രി.പി.70ലെ യുദ്ധത്തോടെ ഇല്ലാതായി.)

ഏദോമിനെ നശിപ്പിക്കുവാൻ യഹോവ നേരിട്ട് ഇറങ്ങിവന്നതിൻറെ വർണ്ണനയാണ് യെശ 63ൽ:

യെശ 63:1 ഏദോമിൽ നിന്നും, രക്താംബരം ധരിച്ചുകൊണ്ട് ബൊസ്രയിൽ നിന്നും വരുന്ന ഇവൻ ആര്? വസ്ത്രാലംകൃതനായി തൻറെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്ന ഇവൻ ആര്? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നേ.
യെശ 63:2 നിൻറെ ഉടുപ്പ് ചുവന്നിരിക്കുന്നത് എന്ത്? നിൻറെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവൻറേത് പോലെ ഇരിക്കുന്നത് എന്ത്?
യെശ 63:3 ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; ജാതികളിൽ ആരും എന്നോട് കൂടെ ഉണ്ടായിരുന്നില്ല; എൻറെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എൻറെ വസ്ത്രത്തിൽ തെറിച്ചു; എൻറെ ഉടുപ്പ് മുഴുവനും മലിനമായിരിക്കുന്നു.
യെശ 63:4 ഞാൻ ഒരു പ്രതികാര ദിവസം കരുതിയിരുന്നു; എൻറെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
യെശ 63:5 ഞാൻ നോക്കിയെങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എൻറെ ഭുജം തന്നേ എനിക്ക് രക്ഷ വരുത്തി; എൻറെ ക്രോധം തന്നേ എനിക്ക് തുണനിന്നു.
യെശ 63:6 ഞാൻ എൻറെ കോപത്തിൽ ജാതികളെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്ത് വീഴ്ത്തിക്കളഞ്ഞു
ന്യൂമാ പാസ്റ്റർമാർക്ക് എല്ലാത്തിനും ചരിത്രത്തിൽ നിന്നും തെളിവ് വേണം. ബാബിലോൺ (ബാബേൽ) മുതൽ നബാത്യർ വരെയുള്ള രാജ്യങ്ങളാണ് ഏദോമിനെ നശിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. യഹോവയാണ് നശിപ്പിച്ചതെന്ന് വേദപുസ്തകം പറയുന്നു. യഹോവയാണ് നശിപ്പിച്ചത് എന്നതിന് ചരിത്രപരമായ തെളിവുണ്ടോ? യെശ 63ൽ പറയപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഏതെങ്കിലും യഹോവ നേരിട്ട് ചെയ്തോ?

വേദപുസ്തകവുമായി പരിചയമുള്ളവർക്ക് ഈ വേദഭാഗം വായിക്കുമ്പോൾ വെളി 14:19, 20; 19:15 ഓർമ്മവരും. കോപം, ക്രോധം, പ്രതികാര ദിവസം, മുന്തിരിച്ചക്ക് ചവിട്ടൽ എന്നിവയെല്ലാമുണ്ട്, കൂടാതെ വിമുക്തന്മാരുടെ (വീണ്ടെടുക്കപ്പെട്ടവരുടെ) സംവത്സരവുമുണ്ട് എന്നത് ശ്രദ്ധിക്കുക.

ഏദോമിൻറെ നാശത്തെ പറ്റിയുള്ള പ്രവചനം.


ഏദോം ക്രിസ്തുവിന് 6 മുതൽ 2 വരെ നൂറ്റാണ്ടുകളിൽ നശിച്ചു എന്ന് ചരിത്രം പറയുന്നു. ഈ നാശത്തെ പറ്റിയുള്ള പ്രവചനം യെശ 34ൽ വായിക്കാം.
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടിപ്പൊഴിയുന്നത് പോലെയും അത്തിവൃക്ഷത്തിൻറെ കായ് വാടിപ്പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
യെശ 34:5 എൻറെ വാൾ സ്വർഗത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിൻ മേലും ഞാൻ ശപിച്ച ജാതിയുടെ മേലും ന്യായവിധിക്കായി ഇറങ്ങിവരും.
യെശ 34:6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പ് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തത്താലും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പിനാലുമാണ്; യഹോവയ്ക്ക് ബൊസ്രയിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
യെശ 34:8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോൻറെ വിവാദത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
ക്രിസ്തുവിന് 6 മുതൽ 2 വരെ നൂറ്റാണ്ടുകളിൽ ഏദോം നശിപ്പിക്കപ്പെട്ടപ്പോൾ:
  • ആകാശത്തിലെ സൈന്യമെല്ലാം (നക്ഷത്രങ്ങളും, ഗ്രഹങ്ങളും, നക്ഷത്രസമൂഹങ്ങളും - ഉൽ 2:1; ആവ 4:19) അലിഞ്ഞുപോയതിന് ചരിത്രത്തിൽ തെളിവുണ്ടോ ന്യൂമാ പാസ്റ്റർമാരേ?
  • ആകാശം ചുരുൾ പോലെ ചുരുണ്ടുപോയതിന് ചരിത്രത്തിൽ തെളിവുണ്ടോ ന്യൂമാ പാസ്റ്റർമാരേ?
  • ഏദോം നശിപ്പിക്കപ്പെട്ടപ്പോൾ നക്ഷത്രങ്ങളും, ഗ്രഹങ്ങളും, നക്ഷത്രസമൂഹങ്ങളും അലിഞ്ഞുപോയെങ്കിൽ, ഇപ്പോഴുള്ള ഇവയെല്ലാം എവിടെനിന്നും വന്നു? എപ്പോൾ സൃഷ്ടിക്കപ്പെട്ടു?
  • ഇതെല്ലാം യഹോവ നേരിട്ട് നിർവഹിച്ചു എന്ന് ചരിത്രത്തിൽ തെളിവുണ്ടോ ന്യൂമാ പാസ്റ്റർമാരേ?
പ്രിയപ്പെട്ട ന്യൂമാ പാസ്റ്റർമാരേ, “വായിക്കുന്നവർ ചിന്തിച്ചു കൊള്ളട്ടെ!!!” എന്നല്ലേ നിങ്ങളുടെ ആപ്തവാക്യം? നിങ്ങൾക്ക് വേണമെങ്കിൽ ഇതുപോലെയുള്ള ഇനിയും ചില ഉദാഹരണങ്ങൾ കാണിച്ചുതരാം, അവയിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാവിപത്തുകൾ അക്ഷരംപ്രതി നിറവേറി എന്നതിന് ചരിത്രത്തിൽ നിന്നും തെളിവ് നൽകുവാൻ കഴിയുമോ? (ജലപ്രളയത്തിന് പോലും മതേതര ചരിത്രത്തിൽ തെളിവുകളില്ല, പിന്നെയാ...)

വേദപുസ്തകം എഴുത്തീർന്നതിന് മുമ്പുള്ള ഇത്തരം കാര്യങ്ങൾക്ക് ചരിത്രത്തിൽ തെളിവില്ല; എന്നിട്ടാണ് വേദപുസ്തകം എഴുതിത്തീർന്നതിന് ശേഷമുള്ള കാര്യങ്ങൾക്ക് വേദപുസ്തകത്തിലും ചരിത്രത്തിലും തെളിവ് വേണ്ടത്.

ശിക്ഷയെ പറ്റിയുള്ള പ്രവചനങ്ങളിൽ എപ്പോഴും അത്യുക്തികളും (hyperbole), അതിശയോക്തികളും ഉപയോഗിക്കും. ഇതിന് പ്രവചന ഭാഷ (prophetic language) എന്നും പറയും. അങ്ങനെ പറയപ്പെടുന്ന കാര്യങ്ങളൊക്കെ അക്ഷരംപ്രതി നിറവേറും എന്ന് വിശ്വസിക്കുന്നത് ദൈവിക പ്രകൃതിയെ പറ്റിയുള്ള അറിവില്ലായ്മയാണ്.
തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

⑦ യെഹൂദയിൽ മാത്രമല്ല, കുമ്പനാട്ടും തിരുവല്ലായിലും മഹാകഷ്ടം ഉണ്ടാകും!!!

ക്രിസ്തുവിൽ പ്രിയരെ, // 7. AD 70ൽ സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും (യഹൂദയിൽ മാത്രമല്ല) മഹാകഷ്ടം ഉണ്ടായി. // (ലൂക്കോസ് 21:35 അത...