Thursday, March 2, 2017

① ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞോ?

ക്രിസ്തുവിൽ പ്രിയരെ,

“ന്യൂമാ ഹെർമ്മന്യൂട്ടിക്സ് സംഘടിപ്പിച്ച യുഗാന്ത്യ സംഭവങ്ങളെക്കുറിച്ചുള്ള  സംവാദങ്ങളുടെ അവലോകനം” എന്ന തലക്കെട്ടുമായി എനിക്ക് ലഭിച്ച ഒരു കുറിപ്പാണ് ഈ പരമ്പരയ്ക്ക് ആധാരം.

ആ കുറിപ്പിൻറെ ഒടുവിലെ വാചകം ഇങ്ങനെയാണ്:
“ദൈവവചനവും, ചരിത്രവും എന്ത് പറയുന്നു ????? (വായിക്കുന്നവർ ചിന്തിച്ചു കൊള്ളട്ടെ!!!!!”
ഇതിൽനിന്നും ഞാൻ മനസ്സിലാക്കുന്നത്: ക്രി.പി.70ൽ നടന്നു എന്ന് ഞങ്ങൾ അവകാശപ്പെടുന്ന കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്നോ, ചരിത്രത്തിൽ നിന്നോ തെളിയിക്കണം എന്നാണ്. ഇത് സാധ്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.

[എനിക്ക് ലഭിച്ച് കുറിപ്പിലെ ആശയങ്ങൾ ഇങ്ങനെ // വലിയ അക്ഷരങ്ങളിൽ // എഴുതിയിരിക്കുന്നു. എല്ലാ ആശയങ്ങൾക്കും ഒരേയൊരു ലേഖനത്തിൽ മറുപടിയെഴുതുവാൻ കഴിയില്ല.]

// Partial Preterism ഉപദേശ പ്രകാരം മത്തായി 24 ൽ യേശുക്രിസ്തു പറഞ്ഞ എല്ലാ പ്രവചനങ്ങളും AD 70ൽ നടന്നു കഴിഞ്ഞു എങ്കിൽ: //


ഒന്നാമത്തെ കാര്യം: Partial Preterism എന്നത് Preterism (ഭവിതവാദം) അല്ല. ആ യുഗാന്ത്യശാസ്ത്രം പഠിപ്പിക്കുന്നവർ വിവിധ സഭകളിൽ അവർ വഹിക്കുന്ന പദവികൾ നഷ്ടപ്പെടാതിരിക്കുവാൻ ശ്രമിക്കുന്നവരാണ്. അവരുടെ വിശ്വസ്തത സത്യത്തോടല്ല, സഭയിലെ പദവികളോടും, സമൂഹത്തിലെ സ്ഥാനങ്ങളോടുമാണ്. (ഇത് പാ. സജിത് ജോസഫിനിട്ട് കൊള്ളിക്കുവാൻ എഴുതിയതല്ല. കെന്നത്ത് ജെൻറി എന്ന പണ്ഡിതൻറെ കൃതികൾ മിക്കവാറും ഭവിതവാദികളെല്ലാം ആധികാരിക ഗ്രന്ഥങ്ങളായി കരുതുന്നു. പക്ഷേ, അദ്ദേഹം ഒരു Partial Preterist ആണ്. കാരണം വളരെ ലളിതം: അദ്ദേഹം Full Preterist ആയാൽ, പ്രസ്ബിറ്റേറിയൻ സഭയിലെ അദ്ദേഹത്തിൻറെ പദവി നഷ്ടപ്പെടും. ഗാരി ഡിമാർ ഒരു മഹാ പണ്ഡിതനാണ്, പക്ഷേ, അദ്ദേഹത്തിന് വ്യക്തമായ രാഷ്ടീയ ലക്ഷ്യങ്ങളുണ്ട്, അതുകൊണ്ടുതന്നെ മുഖ്യധാരാ സഭകളെ ഉപേക്ഷിക്കുവാൻ കഴിയില്ല.)

മലയാളത്തിലും ഇംഗ്ലീഷിലും ഭവിതവാദത്തെ പറ്റി എഴുതുന്ന ഞാൻ മുതൽ ഡോൺ കെ പ്രെസ്റ്റൺ വരെയുള്ള അനേകർ ഉണ്ടായിട്ടും, പാസ്റ്റർ അഭിലാഷ് രാജ് ജൊനാഥൻ വെൽട്ടൻ എന്ന Partial Preteristൻറെ പുസ്തകങ്ങളും ബ്ലോഗുകളും വായിച്ചിട്ട് മറ്റുള്ളവരുമായി തർക്കിക്കുന്നതിൻറെ പിന്നിലെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല. ഒരുപക്ഷേ, പാസ്റ്റർ സജിത് ജോസഫ് Partial Preterist ആയതുകൊണ്ട് അദ്ദേഹത്തോട് മുട്ടിക്കളയാം എന്ന് കരുതിയിരിക്കാം.

ഞാനും പാസ്റ്റർ അഭിലാഷ് രാജും ഫേസ്ബുക്ക് ഫ്രണ്ട്സ് ആയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ രോഗിയായ മകന് വേണ്ടി ഒരു പ്രാർഥനാ അഭ്യർത്ഥന (Prayer Request) പോസ്റ്റ് ചെയ്താൽ പോലും അദ്ദേഹം തിരിഞ്ഞുനോക്കില്ല. ഒരുപക്ഷേ, വിദേശികളുടെ രചനകൾ മാത്രമേ അദ്ദേഹം വായിക്കുകയുള്ളായിരിക്കാം.

പറഞ്ഞുവന്നതിൻറെ കാര്യം ഇതാണ്: ഭവിതവാദത്തെ (പ്രെട്രിസത്തെ) പറ്റി അദ്ദേഹത്തിന് അറിയണമായിരുന്നെങ്കിൽ എന്നെപ്പോലെയുള്ളവരോട് ചോദിക്കാമായിരുന്നു. അതിന് പകരം എൻറെ ഫോട്ടോ വെച്ച് ഫേസ്ബുക്ക് വീഡിയോ ഇറക്കും എന്ന ഭീഷണിയാണ് അദ്ദേഹം മുഴക്കിയത്. ഒരു പാസ്റ്റർ അങ്ങനെ ഭീഷണിപ്പെടുത്തുന്നതിന് തെമ്മാടിത്തരം എന്ന് പറയുവാൻ പറ്റില്ലല്ലോ? അതവിടെ നിൽക്കട്ടെ.

//പഴയനിയമ പ്രവാചകന്മാരും, പുതിയനിയമ അപ്പോസ്തോലന്മാരും പ്രവചിച്ച, ദൈവമക്കൾ വിശുദ്ധജീവിതതോടെയും, ഭക്തിയോടെയും കാത്തിരുന്ന കർത്താവിന്റെ നാൾ AD 70 വന്നു കഴിഞ്ഞു...//


“2 പത്രോസ് 3:11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ “വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”
ഈ ഭാഗത്തിൽ നിന്നും ന്യൂമാ ഉദ്ദേശിക്കുന്നത്: “ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞതിനും, മൂലപദാർത്ഥങ്ങൾ വെന്തുരുകിയതിനും വേദപുസ്തകത്തിലോ ചരിത്രത്തിലോ തെളിവുണ്ടോ?” എന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. (എൻറെ മനസ്സിലാക്കൽ തെറ്റാണെങ്കിൽ സദയം തിരുത്തുക, മറുപടി ഞാൻ മാറ്റിയെഴുതാം.)

ആകാശം ചുട്ടഴിയും, മൂലപദാർത്ഥങ്ങൾ വെന്തുരുകും, സൂര്യൻ വെളിച്ചം തരാതിരിക്കും, ചന്ദ്രൻ രക്തവർണ്ണമാകും എന്നൊക്കെ എഴുതപ്പെട്ടിരിക്കുന്നത് അക്ഷരംപ്രതി നിറവേറും എന്നാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഒരേയൊരു ചരിത്ര സംഭവവും അതിനെ പറ്റിയുള്ള പ്രവചനങ്ങളും പരിശോധിക്കുവാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഏദോം നാശമായത് യഹോവയുടെ പ്രതികാരത്തിൻറെ നാളിൽ (the day of the LORD'S vengeance, യെശ 34:8)


യാക്കോബിൻറെ മൂത്തമകനായ ഏശാവിൻറെ ദേശമായ ഏദോം (ഇതിന് സേയീർ, ബൊസ്ര എന്നീ പേരുകളും ഉണ്ട്. വിശദവിവരങ്ങൾ പറഞ്ഞ് ദീർഘിപ്പിക്കുന്നില്ല) നശിപ്പിക്കപ്പെട്ടത് ക്രി.മു. ആറാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ. ബാബേൽ രാജാവായ നെബൂഖദ്നേസർ മുതൽ നബാത്യർ (Nabataeans) വരെയുള്ളവർ ഏദോമിനെ ആക്രമിച്ചു, നിഗ്രഹിച്ചു, തുരത്തി.
ഏദോം ഉണ്ടായിരുന്ന സ്ഥലം ഇപ്പോൾ പെട്ര (Petra) എന്ന നാശാവശിഷ്ടങ്ങൾ നിറഞ്ഞ സ്ഥലമാണ്. നിലവിൽ ഏദോമ്യർ ആരും എവിടെയും ഇല്ല. (തൊഴിലില്ലാത്ത ചിലർ അവരുടെ വെബ്സൈറ്റുകളിലും, യൂട്യൂബ് വീഡിയോകളിലും, ബ്ലോഗുകളിലും അവർ വെറുക്കുന്നവരെയൊക്കെ ഏദോമ്യരായി ചിത്രീകരിക്കുന്നതൊഴികെ.)

ഏദോം (ഏശാവിൻറെ മലകൾ) നാശമായതിൻറെ വിവരണത്തോടെയാണ് മലാഖിയുടെ പുസ്തകം ആരംഭിക്കുന്നത്. (മലാ 1:1-4).
മലാ 1:3 ഏശാവിനെ ഞാൻ ദ്വേഷിച്ചു അവൻറെ പർവ്വതങ്ങളെ ശൂന്യമാക്കി അവൻറെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് കൊടുത്തിരിക്കുന്നു.
മലാ 1:4 ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്ന് ഏദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കും ദുഷ്ട പ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.
ഭൂതകാലത്തിൽ എഴുതപ്പെട്ടിട്ടുള്ള ഈ വേദഭാഗത്തിൽ നിന്നും ഏദോം ദേശം നാശമായെന്നും, ഏദോമ്യർ ബാക്കിയുണ്ടെന്നും വ്യക്തമാകുന്നുണ്ടല്ലോ? (യേശുവിൻറെ കാലത്ത് ഹെരോദ്യർ എന്നും, ഇദൂമ്യർ എന്നും അറിയപ്പെട്ട ഇവർ ക്രി.പി.70ലെ യുദ്ധത്തോടെ ഇല്ലാതായി.)

ഏദോമിനെ നശിപ്പിക്കുവാൻ യഹോവ നേരിട്ട് ഇറങ്ങിവന്നതിൻറെ വർണ്ണനയാണ് യെശ 63ൽ:

യെശ 63:1 ഏദോമിൽ നിന്നും, രക്താംബരം ധരിച്ചുകൊണ്ട് ബൊസ്രയിൽ നിന്നും വരുന്ന ഇവൻ ആര്? വസ്ത്രാലംകൃതനായി തൻറെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്ന ഇവൻ ആര്? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നേ.
യെശ 63:2 നിൻറെ ഉടുപ്പ് ചുവന്നിരിക്കുന്നത് എന്ത്? നിൻറെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവൻറേത് പോലെ ഇരിക്കുന്നത് എന്ത്?
യെശ 63:3 ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; ജാതികളിൽ ആരും എന്നോട് കൂടെ ഉണ്ടായിരുന്നില്ല; എൻറെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എൻറെ വസ്ത്രത്തിൽ തെറിച്ചു; എൻറെ ഉടുപ്പ് മുഴുവനും മലിനമായിരിക്കുന്നു.
യെശ 63:4 ഞാൻ ഒരു പ്രതികാര ദിവസം കരുതിയിരുന്നു; എൻറെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
യെശ 63:5 ഞാൻ നോക്കിയെങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എൻറെ ഭുജം തന്നേ എനിക്ക് രക്ഷ വരുത്തി; എൻറെ ക്രോധം തന്നേ എനിക്ക് തുണനിന്നു.
യെശ 63:6 ഞാൻ എൻറെ കോപത്തിൽ ജാതികളെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്ത് വീഴ്ത്തിക്കളഞ്ഞു
ന്യൂമാ പാസ്റ്റർമാർക്ക് എല്ലാത്തിനും ചരിത്രത്തിൽ നിന്നും തെളിവ് വേണം. ബാബിലോൺ (ബാബേൽ) മുതൽ നബാത്യർ വരെയുള്ള രാജ്യങ്ങളാണ് ഏദോമിനെ നശിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. യഹോവയാണ് നശിപ്പിച്ചതെന്ന് വേദപുസ്തകം പറയുന്നു. യഹോവയാണ് നശിപ്പിച്ചത് എന്നതിന് ചരിത്രപരമായ തെളിവുണ്ടോ? യെശ 63ൽ പറയപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഏതെങ്കിലും യഹോവ നേരിട്ട് ചെയ്തോ?

വേദപുസ്തകവുമായി പരിചയമുള്ളവർക്ക് ഈ വേദഭാഗം വായിക്കുമ്പോൾ വെളി 14:19, 20; 19:15 ഓർമ്മവരും. കോപം, ക്രോധം, പ്രതികാര ദിവസം, മുന്തിരിച്ചക്ക് ചവിട്ടൽ എന്നിവയെല്ലാമുണ്ട്, കൂടാതെ വിമുക്തന്മാരുടെ (വീണ്ടെടുക്കപ്പെട്ടവരുടെ) സംവത്സരവുമുണ്ട് എന്നത് ശ്രദ്ധിക്കുക.

ഏദോമിൻറെ നാശത്തെ പറ്റിയുള്ള പ്രവചനം.


ഏദോം ക്രിസ്തുവിന് 6 മുതൽ 2 വരെ നൂറ്റാണ്ടുകളിൽ നശിച്ചു എന്ന് ചരിത്രം പറയുന്നു. ഈ നാശത്തെ പറ്റിയുള്ള പ്രവചനം യെശ 34ൽ വായിക്കാം.
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടിപ്പൊഴിയുന്നത് പോലെയും അത്തിവൃക്ഷത്തിൻറെ കായ് വാടിപ്പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
യെശ 34:5 എൻറെ വാൾ സ്വർഗത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിൻ മേലും ഞാൻ ശപിച്ച ജാതിയുടെ മേലും ന്യായവിധിക്കായി ഇറങ്ങിവരും.
യെശ 34:6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പ് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തത്താലും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പിനാലുമാണ്; യഹോവയ്ക്ക് ബൊസ്രയിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
യെശ 34:8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോൻറെ വിവാദത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
ക്രിസ്തുവിന് 6 മുതൽ 2 വരെ നൂറ്റാണ്ടുകളിൽ ഏദോം നശിപ്പിക്കപ്പെട്ടപ്പോൾ:
  • ആകാശത്തിലെ സൈന്യമെല്ലാം (നക്ഷത്രങ്ങളും, ഗ്രഹങ്ങളും, നക്ഷത്രസമൂഹങ്ങളും - ഉൽ 2:1; ആവ 4:19) അലിഞ്ഞുപോയതിന് ചരിത്രത്തിൽ തെളിവുണ്ടോ ന്യൂമാ പാസ്റ്റർമാരേ?
  • ആകാശം ചുരുൾ പോലെ ചുരുണ്ടുപോയതിന് ചരിത്രത്തിൽ തെളിവുണ്ടോ ന്യൂമാ പാസ്റ്റർമാരേ?
  • ഏദോം നശിപ്പിക്കപ്പെട്ടപ്പോൾ നക്ഷത്രങ്ങളും, ഗ്രഹങ്ങളും, നക്ഷത്രസമൂഹങ്ങളും അലിഞ്ഞുപോയെങ്കിൽ, ഇപ്പോഴുള്ള ഇവയെല്ലാം എവിടെനിന്നും വന്നു? എപ്പോൾ സൃഷ്ടിക്കപ്പെട്ടു?
  • ഇതെല്ലാം യഹോവ നേരിട്ട് നിർവഹിച്ചു എന്ന് ചരിത്രത്തിൽ തെളിവുണ്ടോ ന്യൂമാ പാസ്റ്റർമാരേ?
പ്രിയപ്പെട്ട ന്യൂമാ പാസ്റ്റർമാരേ, “വായിക്കുന്നവർ ചിന്തിച്ചു കൊള്ളട്ടെ!!!” എന്നല്ലേ നിങ്ങളുടെ ആപ്തവാക്യം? നിങ്ങൾക്ക് വേണമെങ്കിൽ ഇതുപോലെയുള്ള ഇനിയും ചില ഉദാഹരണങ്ങൾ കാണിച്ചുതരാം, അവയിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാവിപത്തുകൾ അക്ഷരംപ്രതി നിറവേറി എന്നതിന് ചരിത്രത്തിൽ നിന്നും തെളിവ് നൽകുവാൻ കഴിയുമോ? (ജലപ്രളയത്തിന് പോലും മതേതര ചരിത്രത്തിൽ തെളിവുകളില്ല, പിന്നെയാ...)

വേദപുസ്തകം എഴുത്തീർന്നതിന് മുമ്പുള്ള ഇത്തരം കാര്യങ്ങൾക്ക് ചരിത്രത്തിൽ തെളിവില്ല; എന്നിട്ടാണ് വേദപുസ്തകം എഴുതിത്തീർന്നതിന് ശേഷമുള്ള കാര്യങ്ങൾക്ക് വേദപുസ്തകത്തിലും ചരിത്രത്തിലും തെളിവ് വേണ്ടത്.

ശിക്ഷയെ പറ്റിയുള്ള പ്രവചനങ്ങളിൽ എപ്പോഴും അത്യുക്തികളും (hyperbole), അതിശയോക്തികളും ഉപയോഗിക്കും. ഇതിന് പ്രവചന ഭാഷ (prophetic language) എന്നും പറയും. അങ്ങനെ പറയപ്പെടുന്ന കാര്യങ്ങളൊക്കെ അക്ഷരംപ്രതി നിറവേറും എന്ന് വിശ്വസിക്കുന്നത് ദൈവിക പ്രകൃതിയെ പറ്റിയുള്ള അറിവില്ലായ്മയാണ്.
തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

2 comments:

  1. കട്ടക്കല്‍ അച്ചയനുള്ള മറുപടി:

    “2 പത്രോസ് 3:11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ “വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”
    ഈ ഭാഗത്തിൽ നിന്നും ന്യൂമാ ഉദ്ദേശിക്കുന്നത്: “ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞതിനും, മൂലപദാർത്ഥങ്ങൾ വെന്തുരുകിയതിനും വേദപുസ്തകത്തിലോ ചരിത്രത്തിലോ തെളിവുണ്ടോ?” എന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. (എൻറെ മനസ്സിലാക്കൽ തെറ്റാണെങ്കിൽ സദയം തിരുത്തുക, മറുപടി ഞാൻ മാറ്റിയെഴുതാം.)/////…..
    മറുപടി:
    കട്ടക്കല്‍ അച്ചായന്‍ ഒരു full preterist ആണ്, അച്ചായന്‍ തന്നെ പറഞ്ഞത് പോലെ സംവാദം, partial preterism, post tribulation എന്നിവയെക്കുറിച്ച് ആയിരുന്നു, എങ്കിലും full preterist അയ അച്ചായന്‍ ന്യൂമ ഗ്രൂപ്പിന് മറുപടി പറയാന്‍ തയ്യറായതിനാല്‍ അച്ചായനുള്ള മറുപടി കൊടുക്കുന്നു, കട്ടക്കല്‍ അച്ചായന്‍ എന്നെ ബ്ലോക്ക് ചെയ്തതിനാല്‍ ഇവിടെ മറുപടി കൊടുക്കുകയാണ്,geo ബ്രദര്‍ അത് അച്ചായന്റെ അടുക്കല്‍ എത്തിക്കും എന്ന് വിശ്വസിക്കുന്നു.
    //// ഈ ഭാഗത്തിൽ നിന്നും ന്യൂമാ ഉദ്ദേശിക്കുന്നത്: “ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞതിനും, മൂലപദാർത്ഥങ്ങൾ വെന്തുരുകിയതിനും വേദപുസ്തകത്തിലോ ചരിത്രത്തിലോ തെളിവുണ്ടോ?” എന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. (എൻറെ മനസ്സിലാക്കൽ തെറ്റാണെങ്കിൽ സദയം തിരുത്തുക, മറുപടി ഞാൻ മാറ്റിയെഴുതാം.)////////
    ...........................................................................................................................അച്ചായന്‍ പറഞ്ഞത് പോലെ തന്നെ അച്ചായന്‍റെ മനസ്സിലാക്കൽ തെറ്റി, ക്രി.പി.70ൽ കർത്താവിൻറെ നാൾ വന്നുകഴിഞ്ഞെങ്കിൽ ആകാശം ചുട്ടഴിഞ്ഞതിനും, മൂലപദാർത്ഥങ്ങൾ വെന്തുരുകിയതിനും വേദപുസ്തകത്തിലോ ചരിത്രത്തിലോ തെളിവുണ്ടോ എന്നതല്ല പ്രധാന വിഷയം, ആകാശം ചുട്ടഴിഞ്ഞതും, മൂലപദാർത്ഥങ്ങൾ വെന്തുരുകിയതും അക്ഷരികമാണോ, അലങ്കരികമാണോ എന്നതും അല്ല വിഷയം,.. ഇവിടെ പ്രധാന വിഷയം പത്രോസ് പറഞ്ഞത് പോലെ ദൈവമക്കള്‍ ദൈവമക്കൾ വിശുദ്ധജീവിതതോടെയും, ഭക്തിയോടെയും കാത്തിരിക്കുന്ന ദൈവമക്കള്‍ക്കുള്ള വാഗ്ദത്തം ആയ , കര്‍ത്താവിന്റെ പ്രത്യക്ഷത ആണ്, ആ പ്രത്യക്ഷതയില്‍ ആണ് സഭ കര്‍ത്താവിനെ എതിരേല്‍ക്കാന്‍ ആകാശ മേഖങ്ങളില്‍ എടുക്കപെടുന്നത്, മരിച്ചവര്‍ ഉയിര്തെഴുനെല്‍ക്കുന്നത്, ജീവനോടെയുള്ളവര്‍ രൂപാന്തരം പ്രാപിക്കുന്നത്,ആ വാഗ്ദത്തതെ പറ്റിയാണ് പത്രോസ് അവിടെ പറയുന്നത്.......................................................................................ഇതൊക്കെ ക്രി.പി.70ൽ നടന്നുവോ എന്നതാണ് ചോദ്യം?.ഇതിനു ദൈവവചന പ്രകാരവും, ചരിത്ര രേഖകളിലും തെളിവുണ്ടോ എന്നതാണ് ചോദ്യം, ഇനി കര്‍ത്താവിന്‍റെ വരവ്, സഭ കര്‍ത്താവിനെ എതിരേല്‍ക്കാന്‍ ആകാശ മേഖങ്ങളില്‍ എടുക്കപെടുന്നത്, മരിച്ചവര്‍ ഉയിര്തെഴുനെല്‍ക്കുന്നത്, ജീവനോടെയുള്ളവര്‍ രൂപാന്തരം പ്രാപിക്കുന്നത് ഇവയൊക്കെ അലങ്കരിക പ്രയോഗങ്ങള്‍ ആണ് എന്നാണോ അച്ചായന്‍ പറയുന്നത് എന്നും അറിഞ്ഞാല്‍ കൊള്ളാം, അങ്ങനെ എല്ലാം അലങ്കരികം ആണ് എങ്കില്‍ അലങ്കരികം അല്ലാതെ എന്തെങ്കിലും ബൈബിളില്‍ ഉണ്ട് എങ്കില്‍ അതും പറയാം. എല്ലാം അലങ്കരികം ആണ് എങ്കില്‍ പിന്നെ ദൈവവചനത്തിലെയോ, ചരിത്രതിലെയോ തെളിവ് ആവശ്യമില്ല...

    ReplyDelete
    Replies
    1. ആരും ഒരു മേഘത്തിലേയ്ക്കും എടുക്കപ്പെട്ടില്ല, ഒരിക്കലും എടുക്കപ്പെടുകയുമില്ല. ഇതിനെപറ്റിയൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. ആരും രൂപാന്തരം പ്രാപിക്കുകയുമില്ല - കുറഞ്ഞപക്ഷം, ഭവിഷ്യവാദികൾ ഉദ്ദേശിക്കുന്ന രീതിയിൽ.

      യേശു പറഞ്ഞ വളരെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആദ്യം ദൈവരാജ്യം അന്വേഷിക്കുക. 2000 വർഷത്തെ അന്വേഷണം കഴിഞ്ഞിട്ടും ബഹു ഭൂരിപക്ഷം ക്രൈസ്തവർക്കും ദൈവരാജ്യം എന്താണെന്നതിന് വ്യക്തതയില്ല. അവരുടെ പദവി എന്താണെന്ന് അറിയില്ല. അത് മനസ്സിലാക്കുവാൻ ശ്രമിക്കുക. അപ്പോൾ ഉൽപ്രാപിക്കേണ്ടതിൻറെയും രൂപാന്തരപ്പെടേണ്ടതിൻറെയും ആവശ്യകതയില്ല എന്ന് മനസ്സിലാകും - കാരണം ഒരു ദൈവപൈതൽ അതിനേക്കാൾ വലിയ പദവിയിലാണ് ഉള്ളത്.

      Delete

⑦ യെഹൂദയിൽ മാത്രമല്ല, കുമ്പനാട്ടും തിരുവല്ലായിലും മഹാകഷ്ടം ഉണ്ടാകും!!!

ക്രിസ്തുവിൽ പ്രിയരെ, // 7. AD 70ൽ സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും (യഹൂദയിൽ മാത്രമല്ല) മഹാകഷ്ടം ഉണ്ടായി. // (ലൂക്കോസ് 21:35 അത...