Saturday, March 18, 2017

⑦ യെഹൂദയിൽ മാത്രമല്ല, കുമ്പനാട്ടും തിരുവല്ലായിലും മഹാകഷ്ടം ഉണ്ടാകും!!!

ക്രിസ്തുവിൽ പ്രിയരെ,

// 7. AD 70ൽ സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും (യഹൂദയിൽ മാത്രമല്ല) മഹാകഷ്ടം ഉണ്ടായി. //

(ലൂക്കോസ് 21:35 അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.)
ന്യൂമാ ഹെർമന്യൂട്ടിക്സിൻറെ ഏഴാമത്തെ ചോദ്യത്തിനുള്ള ഉത്തരം.

“സർവ്വഭൂതലത്തിലും”


ന്യൂമാ പാസ്റ്റർമാർ “സർവ്വഭൂതലത്തിലും” എന്ന വാക്ക് കണ്ടപ്പോഴേ തീരുമാനിച്ചു, ഇതാണ് ഭവിതവാദത്തെ (പ്രെട്രിസത്തെ) തകർക്കുവാനുള്ള വജ്രായുധം! പിന്നെ ഇടംവലം നോക്കിയില്ല, എടുത്തൊരു കാച്ച് കാച്ചി! അല്ലാത്തപ്പോൾ ഇതേ മഹാന്മാർ കൺകോർഡെൻസോ, വ്യാകരണമോ നോക്കിയല്ലാതെ ഒന്നും തീരുമാനിക്കാറില്ല എന്നത് മറക്കരുത്.

ഈ പദസമുച്ചയത്തിൽ “ഭൂതലം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം - ഘേയ് (γῆ, സ്ട്രോങ്സിൽ G1093) - പുതിയനിയമത്തിൽ 252 തവണ ഉപയോഗിച്ചിട്ടുണ്ട്. ആദ്യത്തെ 5 തവണ ദേശം എന്ന് ഉപയോഗിച്ചിരിക്കുന്നത് കാണുമ്പോഴേ ഈ വാക്കിന് ഭൂതലം, ഭൂമി, ഭൂലോകം തുടങ്ങിയ അർത്ഥങ്ങൾ മാത്രമല്ല ഉള്ളത് എന്ന് വ്യക്തമാകുന്നു.
മത്താ 2:6 യെഹൂദ്യ ദേശത്തിലെ ബേത്ലേഹെമേ...
മത്താ 2:20... യിസ്രായേൽ ദേശത്തേക്ക് പോകുക...
മത്താ 2:21... യിസ്രായേൽ ദേശത്ത് വന്നു.
മത്താ 4:15... മരണത്തിൻറെ ദേശത്തിലും ...
ഈ വാക്കിന് കര, നിലം, എന്നൊക്കെ അർത്ഥമുണ്ട്. (ജോയിച്ചൻ മലബാറിൽ ഭൂമി വാങ്ങി എന്ന് പറയുന്നതിന് നമ്മൾ വസിക്കുന്ന ഈ ഉണ്ട മുഴുവനും അങ്ങ് വാങ്ങിക്കളഞ്ഞൂ എന്ന് അർത്ഥമില്ലല്ലോ?)

ഒരേ വാക്കുപോലും സന്ദർഭത്തിന് അനുസൃതമായി വ്യത്യസ്ത അർത്ഥം നൽകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്: “കുട്ടി പമ്പരം നിലത്ത് ഇട്ടു” എന്നതിൽ “നിലം” വീടിൻറെ തറയോ മുറ്റമോ ആകാം, പക്ഷേ, “കർഷകൻ ആ വിത്ത് നിലത്ത് വിതച്ചു” എന്നതിലെ “നിലം” വീടിൻറെ തറയോ മുറ്റമോ ആകുവാനുള്ള സാദ്ധ്യത കുറവല്ലേ?

ശിഷ്യന്മാർ കൃത്യവിലോപം കാണിച്ചോ?


യേശു ശിഷ്യന്മാർക്ക് നൽകിയ അവസാനത്തെ നിർദ്ദേശത്തിലും ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്നു.
അപ്പൊ 1:8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ[G1093] അറ്റത്തോളവും [G2078] എൻറെ സാക്ഷികൾ ആകും എന്ന് പറഞ്ഞു.
പൌലോസിനും ഇതേപോലെയുള്ള നിർദ്ദേശമാണ് നമ്മുടെ കർത്താവ് നൽകിയത്:
അപ്പൊ 13:47 “നീ ഭൂമിയുടെ[G1093] അറ്റത്തോളവും[G2078] രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്ന് കർത്താവ് ഞങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.
“സർവ്വഭൂതലത്തിലും” എന്ന് പറയുന്ന അത്രയും തന്നേ വരില്ലേ “ഭൂമിയുടെ അറ്റത്തോളവും” എന്നതും? അങ്ങനെയാണെങ്കിൽ ശിഷ്യന്മാർ എന്തുകൊണ്ട് റോമാ സാമ്രാജ്യത്തിന് വളരെയൊന്നും പുറത്തേയ്ക്ക് പോയില്ല? റോമാ സാമ്രാജ്യത്തിന് പുറത്തേയ്ക്ക് യാത്രചെയ്തവരിൽ ഇന്ത്യയിൽ വരുന്നതിന് മുമ്പ് ചൈനയിൽ പോയിരുന്ന തോമസ് എന്തുകൊണ്ട് ആ വിസ്തൃതമായ ദേശം മുഴുവൻ സഞ്ചരിക്കാതെ അതിൻറെ ഓരത്തിലൂടെ മാത്രം കടന്നുപോയി? ബർത്തൊലോമായി വടക്കേ ഇന്ത്യയിലെ ഏതാനും ചില സ്ഥലങ്ങൾ സന്ദർശിച്ചിട്ട് തിരികെപ്പോയി? അന്ത്രയോസ് റഷ്യ എന്ന വലിയ ദേശത്തിൻറെ ഒരു മൂലയിൽ മാത്രം പര്യടനം നടത്തി? ആഫ്രിക്കൻ ഭൂഖണ്ഡത്തിലേയ്ക്ക് പോയ മത്തായി ആ ഭൂഖണ്ഡത്തിൻറെ വടക്ക് ഭാഗത്ത് മാത്രം പര്യടനം നടത്തിയിട്ട് തിരികെപ്പോന്നത് എന്തുകൊണ്ട്?

ഇവർക്കൊന്നും “ഭൂമിയുടെ അറ്റത്തോളവും” എന്നതിൻറെ അർത്ഥം മനസ്സിലായില്ലേ? യേശുവിനും, രാജ്യത്തിൻറെ സുവിശേഷത്തിനുമായി ജീവൻ ത്യജിക്കുവാൻ തയ്യാറായ ഇവർ ഭയം നിമിത്തമോ, മറ്റേതെങ്കിലും പരിഗണന നിമിത്തമോ തിരിച്ചുന്നിരിക്കുവാൻ സാധ്യതയുണ്ടോ? ഇല്ലേയില്ല. യേശു ഉദ്ദേശിച്ചത് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് അവർ കൃത്യനിർവഹണം നടത്തിയത്.

ഇതേ വാക്ക് ഉപയോഗിച്ചാണ് പൌലോസ് ഭൂമിയിൽ എല്ലായിടത്തും സുവിശേഷ വാഹകരുടെ ശബ്ദം എത്തിക്കഴിഞ്ഞു എന്ന് പ്രസ്താവിച്ചത്.
റോമ 10:18 എന്നാൽ അവർ കേട്ടില്ലേ എന്ന് ഞാൻ ചോദിക്കുന്നു. “കേട്ടിരിക്കുന്നു നിശ്ചയം” അവരുടെ നാദം സർവ ഭൂമിയിലും[G1093] അവരുടെ വചനം ഭൂതലത്തിൻറെ[G3625] അറ്റത്തോളവും പരന്നു”.
ഈ പ്രസ്താവന നടത്തുമ്പോൾ പൌലോസിന് അറിയില്ലായിരുന്നോ സുവിശേഷകന്മാർ പോയതിന് അപ്പുറത്തേയ്ക്ക് ലോകമുണ്ടെന്ന്? തീർച്ചയായും അറിഞ്ഞിരിക്കണം, കാരണം, ലോകസഞ്ചാരവും, സാഹിത്യവും, തത്വചിന്തയുമൊക്കെ വികാസം പ്രാപിച്ച ആക്സിയൽ ഏജ് (Axial Age) ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പാണ് അവസാനിച്ചത്. പൌലോസ് ഇവയിലൊക്കെ പ്രാവീണ്യമുള്ള ആളായിരുന്നല്ലോ? (അപ്പൊ 17:28)


ഭൂമിയുടെ അറ്റം അൻറാർട്ടിക്കയല്ല, ഫിജിയുമല്ല!


ഭൂമിയുടെ അറ്റത്തെ പറ്റിയുള്ള നമ്മുടെ ചിന്തയിൽ ന്യൂസിലാൻറോ, ഫിജിയോ, അൻറാർട്ടിക്കയോ ആണ് വരുന്നതെങ്കിൽ, യേശുവിൻറെ ചിന്തയിൽ ലോകത്തിൻറെ അറ്റം യിസ്രായേലിൽ നിന്നും അധികം ദൂരെയല്ല, കൃത്യമായി പറഞ്ഞാൽ എത്യോപ്യയിലാണ്.
മത്താ 12:42 തെക്കെ രാജ്ഞി (ശെബ രാജ്ഞി - 1രാജാ 10:1-13) ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോൻറെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ[G1093] അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
ശെബ എത്യോപ്യയുടെ ഭാഗമായിരുന്നെന്ന് അറിയാത്തവർക്ക് പ്രണാമം. മത്തായി എത്യോപ്യ വരെയാണ് സുവിശേഷം പ്രസംഗിച്ചത്. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല, കർത്താവിൻറെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് അപ്പൊസ്തലന്മാർ എല്ലാം ചെയ്തത്.

എല്ലാം അറിയാമായിരുന്ന കർത്താവിന് എത്യോപ്യയ്ക്ക് അപ്പുറം ലോകമുണ്ടെന്ന് അറിയില്ലായിരുന്നോ? തീർച്ചയായും അറിയാമായിരുന്നു.

പരിഭാഷകൻറെ മനോധർമ്മം


യേശു അവിടത്തെ മരണത്തിന് ശേഷം മൂന്ന് പകലും മൂന്ന് രാത്രിയും ഭൂമിയുടെ അടിയിലാണോ നിലത്തിന് അടിയിലാണോ ഉണ്ടായിരുന്നത്? (ഭൂമി എന്ന ഉണ്ടയ്ക്ക് എവിടെയാണ് അടി? കട്ടക്കൽ അച്ചായൻറെ ദൈവത്തിൻറെ ഭൂമിക്ക് അടി ഇല്ലായിരിക്കും എന്ന് പറയല്ലേ, പ്ലീസ്.)

നാം ഇവിടെ ചർച്ച ചെയ്യുന്ന ഗ്രീക്ക് വാക്കിൻറെ ഏറ്റവും മികച്ച പരിഭാഷ നിലം എന്നാണെന്ന് തോന്നുന്നു. ലോകം, ഭൂമി എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുള്ള സന്ദർഭങ്ങളിൽ പോലും “അവർക്ക് അറിയാമായിരുന്ന ലോകം” (the world as known to them) എന്നാണ് അർത്ഥമെന്ന് ഭവിതവാദികളല്ലാത്ത അനേകം വേദപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നാം “ഈ ഭൂമിമലയാളം...” എന്ന പ്രയോഗം ഉപയോഗിക്കുമ്പോൾ മലയാളക്കരയ്ക്ക് അപ്പുറത്തേയ്ക്ക് ഭൂമിയില്ലെന്നോ, ഭൂമിയിൽ എല്ലായിടത്തും മലയാളമേ ഉള്ളെന്നോ അർത്ഥമാക്കുന്നില്ലല്ലോ?

വിവിധ അർത്ഥങ്ങളുള്ള ഒരു വാക്ക് എങ്ങനെ പരിഭാഷപ്പെടുത്തുന്നു എന്നത് പരിഭാഷകൻറെ മനോധർമ്മമാണ്.

സന്ദർഭത്തിൻറെ പ്രസക്തി.


മത്താ 24, മർക്കൊ 13, ലൂക്കോ 21 എന്നീ മൂന്ന് അദ്ധ്യായങ്ങളും യെഹൂദ്യയെ പറ്റിയുള്ളതാണ്. യെഹൂദ്യയിൽ നടക്കേണ്ടിയിരുന്ന സംഭവങ്ങളാണ്.(മത്താ 24:16; മർക്കൊ 13:14; ലൂക്കോ 21:21).
ലൂക്കോ 21:21 അന്ന് യെഹൂദ്യയിൽ ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിൻറെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുമ്പുറങ്ങളിൽ ഉള്ളവർ അതിൽ കടക്കരുത്.
ഈ വചനത്തെ തിരുവല്ലയുടെ വിഷയത്തിലോ, കുമ്പനാടിൻറെ വിഷയത്തിലോ, ബാംഗ്ലൂരിൻറെ വിഷയത്തിലോ ആരോപിക്കുവാൻ കഴിയുമോ?

യെഹൂദ്യയിലുള്ളവർ പുറപ്പെട്ട് പോകണം, എങ്ങോട്ട്? ഈ അദ്ധ്യായങ്ങളിൽ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് സാർവത്രികത ഉണ്ടെങ്കിൽ യെഹൂദ്യയിൽ ഉള്ളവർ എങ്ങോട്ട് പോയാലും അവിടെയൊക്കെ ഉപദ്രവം തന്നെയല്ലേ ഉണ്ടായിരിക്കുക? അപ്പോൾ പിന്നെ പുറപ്പെട്ടുപോയിട്ട് പ്രയോജനമുണ്ടോ? മലകളില്ലാത്ത പ്രദേശങ്ങളിലുള്ളവർ എങ്ങോട്ട് പോകണം? എന്ത് ചെയ്യണം?

ഈ അദ്ധ്യായങ്ങൾ യെഹൂദ്യ, യെരൂശലേം, അവിട ഉണ്ടായിരുന്ന ദേവാലയം എന്നിവയെ പറ്റിയാണെന്ന തിരിച്ചറിവ് ബാക്കിയുള്ള പ്രതീകങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കും. ആദിമ സഭയുടെ കാലം മുതൽ പ്രമുഖരായ പല പണ്ഡിതന്മാരും ഈ അദ്ധ്യായങ്ങളുടെ പ്രതിപാദ്യം യെരൂശലേമിൻറെ നാശമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. വില്യം ടിൻഡേൽ, മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങി അനേകർ ഈ അദ്ധ്യായങ്ങളിലെ പരാമർശം യെഹൂദ്യയെ പറ്റിയും യെരൂശലേമിനെ പറ്റിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 1830കളിൽ നെൽസൺ ഡാർബിയുടെ ഉൽപ്രാപണ സിദ്ധാന്തം (rapture) ഉണ്ടാകുകയും\, അത് സ്കോഫീൽഡ് ബൈബിളിൽ കയറിക്കൂടുകയും, മദ്ധ്യപൂർവേഷ്യയിലെ പെട്രോളിയം നിക്ഷേപത്തിൽ അമേരിക്കക്കാരൻറെ കണ്ണ് പതിയുകയും ചെയ്തത് വരെ ഇപ്പോൾ കാണുന്ന ലോകാവസാന ഭ്രാന്ത് ഉണ്ടായിരുന്നില്ല.

ക്രി.പി. 70ന് മുമ്പ് മഹാകഷ്ടം ഉണ്ടായോ?


യുദ്ധം, ക്ഷാമം, ഭൂകമ്പം, പീഡനം എന്നിവയൊക്കെയാണ് മഹാകഷ്ടം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ അവയൊക്കെ യേശുവും സുവിശേഷകരും “ലോകം” എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ച പ്രദേശത്ത് നടന്നിരുന്നു. ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയല്ലാത്തതിനാൽ പരിപൂർണ്ണമായ വിവരം തരുവാൻ കഴിയില്ലെങ്കിലും, എനിക്ക് ശേഖരിക്കുവാൻ കഴിഞ്ഞ വിവരങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട് (ഒന്ന് ഞെക്കിയാൽ വായിക്കാവുന്നതേയുള്ളൂ.)

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment

⑦ യെഹൂദയിൽ മാത്രമല്ല, കുമ്പനാട്ടും തിരുവല്ലായിലും മഹാകഷ്ടം ഉണ്ടാകും!!!

ക്രിസ്തുവിൽ പ്രിയരെ, // 7. AD 70ൽ സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും (യഹൂദയിൽ മാത്രമല്ല) മഹാകഷ്ടം ഉണ്ടായി. // (ലൂക്കോസ് 21:35 അത...